എറണാകുളം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി എറണാകുളത്ത് നിന്നും രണ്ട് ട്രെയിനുകൾ കൂടി പുറപ്പെട്ടു. എറണാകുളം നോർത്ത് സ്റ്റേഷനില്‍ നിന്ന് പാട്‌നയിലേക്കും ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കുമാണ് നോൺ സ്റ്റോപ്പ് ട്രെയിനുകളുടെ യാത്ര. രണ്ട് ട്രെയിനുകളിലായി തൊഴിലാളികളും കുടുംബങ്ങളും അടക്കം രണ്ടായിരത്തി മുന്നൂറോളം പേരാണ് യാത്ര തിരിച്ചത്. മുൻഗണന ക്രമത്തിലാണ് ജില്ല ഭരണകൂടം യാത്രക്കാരെ നിശ്ചയിച്ചത്. ആരോഗ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ഇവരെ കെഎസ്ആർടിസി ബസുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ തെർമൽ സ്ക്രീനിങ് പൂർത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിച്ചത്.
അതിഥികൾ മടങ്ങുന്നു; എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകൾ കൂടി പുറപ്പെട്ടു - കാെവിഡ് വാർത്തകൾ
എറണാകുളം നോർത്ത് സ്റ്റേഷനില്‍ നിന്ന് പാട്‌നയിലേക്കും ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കുമാണ് നോൺ സ്റ്റോപ്പ് ട്രെയിനുകളുടെ യാത്ര.
അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും പൊലീസെത്തിയാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്. സാമൂഹിക അകലവും മറ്റ് സുരക്ഷാ മുൻകരുതലുകളും കൃത്യമായി പാലിച്ചാണ് ട്രെയിനുകളിൽ ഇവരുടെ യാത്ര. യാത്രക്കിടയില്‍ ആവശ്യമായ കുടിവെള്ളവും ഭക്ഷണ കിറ്റുകളും യാത്രക്കാർക്ക് നല്‍കിയിട്ടുണ്ട്.
അനിയന്ത്രിതമായ തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകുടം ജാഗ്രതയോടെയാണ് ക്രമീകരണങ്ങൾ നടത്തിയത്. ഹിന്ദിയിലും അതിഥി തൊഴിലാളികളുടെ പ്രാദേശിക ഭാഷകളിലും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നതിലുള്ള സന്തോഷവും നന്ദിയും ജില്ലാ ഭരണകൂടത്തിന് രേഖപ്പെടുത്തിയ ശേഷമാണ് അതിഥി തൊഴിലാളികൾ മടങ്ങിയത്.