കെട്ടിട നിർമ്മാണത്തിനിടെ താഴെ വീണ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
ആലുവ പോഞ്ഞാശ്ശേരി ചുണ്ടമലയില്‍ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്
പെരുമ്പാവൂർ:ആലുവ പോഞ്ഞശ്ശേരി ചുണ്ടമലയിൽ കെട്ടിട നിർമ്മാണത്തിനിടെ ഏഴാം നിലയിൽ നിന്നും താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ മുർഷിദാബാദ് തൊഴിലാളികളായ റിപൻ ഷെഖ്, സുബു സേട്ട് എന്നിവരാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ പണി ആരംഭിച്ചപ്പോഴാണ് അപകടം നടന്നത്. ഇരുവരും 11-ാം നിലയുടെ മുകളിൽ താൽക്കാലികമായി ഉണ്ടാക്കിയ ചവിട്ടുപടിയിൽ നിന്ന് ജോലി ചെയ്യുന്നതിനിടെ ചവിട്ടുപടി തകരുകയായിരുന്നു. മുകളിൽ നിന്നും നിലത്ത് വീണ ഇരുവരും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് മറ്റു തൊഴിലാളികൾ ചേർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരളാ സർക്കാരിന്‍റെ നേതൃത്വത്തിലുള്ള ഭവനം ഫൗണ്ടേഷന്‍റെ ജനനി പദ്ധതിയുടെ ഭാഗമായി 12 നിലയുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനമാണിവിടെ നടന്നിരുന്നത്. ഹോളി ഫെയ്ത്ത് എന്ന സ്വകാര്യ കമ്പനിയാണ് കെട്ടിടത്തിന്റെ കരാർ ഏറ്റെടുത്ത് നടത്തുന്നത്. ബംഗാൾ സ്വദേശികളായ 40 പേരാണ് ഇവിടെ ജോലി നോക്കുന്നത്. മരണ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പെരുമ്പാവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.