രണ്ടില ചിഹ്നം ; പി.ജെ.ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് പി.ജെ ജോസഫ് സമർപ്പിച്ച ഹർജിയിലെ ആവശ്യം.
എറണാകുളം:രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ചോദ്യം ചെയ്ത് പി.ജെ.ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഈ കേസിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് പി.ജെ ജോസഫ് സമർപ്പിച്ച ഹർജിയിലെ ആവശ്യം.
ജോസ്.കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കിയ കോടതി വിധി നിലവിലുണ്ടെന്നും കമ്മിഷന്‍റെ നടപടി അധികാര പരിധി ലംഘിക്കുന്നതാണെന്നും ജോസഫ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 450 അംഗ സംസ്ഥാന സമിതിയിലെ 305 അംഗങ്ങളെ മാത്രം പരിഗണിച്ചാണ് കമ്മിഷൻ ഭൂരിപക്ഷം നിശ്ചയിച്ചതെന്നും ഹർജിയിൽ പറയുന്നു. ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷമായിരിക്കും ഹൈക്കോടതി ഈ വിഷയത്തിൽ അന്തിമ വിധി പറയുക.