എറണാകുളം :ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കി രണ്ട് വാഹനങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ഫിറോസ് ഖാൻ, കോഴിക്കോട് സ്വദേശി അമർജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിരവധി മോഷണ കേസുകളിലെ പ്രതികളായ ഇവരെ കൊച്ചി മംഗള വനത്തിൽ നിന്നും ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. ഓഗസ്‌റ്റ് നാലാം തിയ്യതി പുലർച്ചെയായിരുന്നു ആലുവയിലെ മുട്ടത്തുള്ള ബൈക്ക് ഷോറൂമിൽ കവർച്ച നടന്നത്.
ബൈക്കുകൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു
പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ വ്യാപക പരിശോധനയില്‍ ഇവരുടെ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. ബൈക്കുകൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.