എറണാകുളം: ട്രിപ്പിൾ ലോക്ക് ഡൗണിന്‍റെ രണ്ടാം ദിനത്തിലും കൊച്ചിയിൽ പരിശോധന ശക്തമാക്കി പൊലീസ്. ഡ്രോൺ ഉപയോഗിച്ചാണ് പൊലീസ് പരിശോധന. ഡ്രോണിലൂടെ നിയമലംഘനം കണ്ടെത്തിയാൽ സമീപത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ വിവരമറിയിച്ചാണ് തുടർ നടപടി സ്വീകരിക്കുന്നത്. ഇത്തരത്തിൽ നിരവധി പേർക്കെതിരെയാണ് കേസെടുത്തത്. അതോടൊപ്പം കൊച്ചി സിറ്റി വിവിധ സോണുകളായി തിരിച്ച് അതിർത്തികൾ അടച്ചാണ് ശക്തമായ പരിശോധനകൾ തുടരുന്നത്. ആംബുലൻസ് ഉൾപ്പടെയുള്ള അടിയന്തര വാഹനങ്ങൾ പ്രത്യേക പാതയിലൂടെയാണ് കടത്തിവിടുന്നത്.
ALSO READ:പ്രതിപക്ഷ നേതൃസ്ഥാന തീരുമാനം ഹൈക്കമാൻഡിന് വിട്ടു
എട്ട് അസിസ്റ്റന്‍റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. പതിനഞ്ച് സ്ഥലങ്ങളിൽ ബ്ലോക്കിങ് പോയിന്‍റുകളും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ 111 പിക്കറ്റ് പോസ്റ്റുകൾ, 52 മൊബൈൽ ട്രോളിംഗ് യൂണിറ്റുകൾ, 39 മോട്ടോർസൈക്കിൾ പട്രോളിങ് യൂണിറ്റുകൾ എന്നിവയിലായി ആയിരത്തി അഞ്ഞൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചി സിറ്റി പരിധിയിൽ മാത്രം നിയോഗിച്ചത്. എറണാകുളം റൂറൽ പരിധിയിൽ രണ്ടായിരത്തോളം പൊലീസുകാരാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് രംഗത്തുള്ളത്. അതേസമയം എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.