എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ സി.പി.എം ജില്ലാകമ്മിറ്റി അംഗം കെ.എസ് അരുൺകുമാറിനെ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മില്‍ ധാരണ. തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍റേയും മന്ത്രി പി. രാജീവിന്‍റേയും സാന്നിധ്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം കൂടിയാലോചന നടത്തിയിരുന്നു.
പരിഗണിച്ചത് നാല് പേരുകൾ: ഇന്നത്തെ സിപിഎം ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രധാനമായും നാല് പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. ജില്ല കമ്മിറ്റി അംഗം കെ.എസ്. അരുൺ കുമാറിന് തന്നെയായിരുന്നു പ്രഥമ പരിഗണന. കൊച്ചി മേയർ എം. അനിൽകുമാറിനെ പരിഗണിച്ചിരുന്നെങ്കിലും അനിൽകുമാറിനെ സ്ഥാനാർഥിയാക്കിയാല്‍ കോർപ്പറേഷൻ ഭരണം കൈവിട്ടുപോകുമെന്ന് ആശങ്കയുള്ളതിനാൽ ഒഴിവാക്കുകയായിരുന്നു.
എസ്.എഫ്.ഐ നേതാവ് പ്രിൻസി കുര്യാക്കോസ്, ഡോ.കൊച്ചുറാണി ജോസഫ് തുടങ്ങിയവരുടെ പേരുകളും സി.പി.എം തൃക്കാക്കരയിലേക്ക് പരിഗണിച്ചിരുന്നു. അഭിഭാഷകനും ജില്ല ശിശുക്ഷേമ സമിതി വൈസ്ചെയർമാനും കൂടിയായ അരുൺകുമാർ പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമായിരുന്നു. ജനങ്ങൾക്കിടയിൽ സുപരിചിതനായ യുവനേതാവിനെ രംഗത്തിറക്കി ശക്തമായ രാഷ്ട്രീയ മത്സരം സൃഷ്ടിക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്.
വിജയം സുനിശ്ചിതമെന്ന് ഇപി: തൃക്കാക്കരയിൽ രാഷ്ട്രീയ മത്സരമാണ് ഇടതുമുന്നണി നടത്തുന്നതെന്നും വിജയം സുനിശ്‌ചിതമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ സാധാരണ ഇടതുമുന്നണിക്ക് ഉണ്ടാകാറുള്ള മേൽകൈയും കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ.വി തോമസിന്‍റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും അനുകൂല ഘടകമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.
കോൺഗ്രസ് സ്ഥാനാർഥിയായി പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബി.ജെ.പി സ്ഥാനാർഥിയായി എ.എൻ. രാധാകൃഷ്ണനെയാണ് പരിഗണിക്കുന്നത്.