എറണാകുളം:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുള്ള നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നപ്പോൾ ജലാശയങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസ്സുകളിൽ പ്രചോദനം സൃഷ്ടിക്കാൻ ദി ട്രാപ്പ് എന്ന കലാരൂപം ഒരുക്കിയിരിക്കുകയാണ് ഇടപ്പള്ളി സ്വദേശിയായ കെ കെ അജികുമാർ. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കലാസൃഷ്ടിയുടെ ഉയരം 25 അടിയാണ്. ആറടി വ്യാസമുള്ള ഇതിനുള്ളിൽ സന്ദർശകർക്ക് പ്രവേശിക്കാം. ഓരോ കുപ്പികൾക്കും ഉള്ളിൽ കുടുങ്ങിയ മനുഷ്യ രൂപങ്ങൾ സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നു.
ഉള്ളിൽ കണ്ണാടി ഘടിപ്പിച്ചിട്ടുള്ളതിനാൽ കാലിഡോസ്കോപ്പിന്‍റെ സാമ്യവും ഇതിലുണ്ട്. ഒരു ലിറ്ററിന്‍റെ 1500 പ്ലാസ്റ്റിക് കുപ്പികൾ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ പിന്തുണയോടെ ജില്ലാഭരണകൂടം, ശുചിത്വ മിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തിലൂടെ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കലാസൃഷ്ടിയ്ക്ക് രൂപം നൽകിയിരിക്കുന്നത്.