എറണാകുളം: കൊച്ചിയിൽ പൊലീസുകാരെ ആക്രമിച്ച രണ്ട് ട്രാൻസ്ജെൻഡറുകൾ പിടിയിൽ. കോട്ടയം സ്വദേശികളായ സന്ദീപ് (25), സിജു (32) എന്നിവരാണ് പിടിയിലായത്.
കൊച്ചിയിൽ പൊലീസുകാരെ ആക്രമിച്ച ട്രാൻസ്ജെൻഡറുകൾ പിടിയിൽ - transgenders arrested for attacking police
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പട്രോളിംഗിനിടെ വെള്ളിയാഴ്‌ച പുലർച്ചെയാണ് ആക്രമണം.
എറണാകുളം നോർത്ത് സബ് ഇൻസ്പെക്‌ടർ അനസ് വി.ബി, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് എന്നിവരാണ് ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പട്രോളിംഗിനിടെ വെള്ളിയാഴ്‌ച പുലർച്ചെയാണ് ട്രാൻസ് ജെൻഡറുകൾ കൂട്ടം ചേർന്ന് പൊലീസിനെ ആക്രമിച്ചത്. കൂട്ടം കൂടി നിന്ന എട്ട് ട്രാൻസ് ജെൻഡറുകളോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ അസഭ്യം വിളിക്കുകയും വീഡിയോ എടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംഘം ചേർന്ന് പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതോടെ ഇവർ രക്ഷപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ തെരച്ചിലിൽ സംഘത്തിലുണ്ടായിരുന്ന സന്ദീപിനെയും സിജുവിനെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.
രാത്രികാലങ്ങളിലുള്ള ട്രാൻസ്ജെൻഡേഴ്‌സിന്‍റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും രാത്രികാല പട്രോളിംഗിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എറണാകുളം അസിസ്‌റ്റന്‍റ് പൊലീസ് കമ്മീഷണർ കെ.ലാൽജി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.