എറണാകുളം: ഭിന്നലിംഗക്കാർക്ക് എൻ.സി.സിയിൽ പ്രവേശനം നൽകണമെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിൻ്റെ എതിർപ്പ് തള്ളിയാണ് ഉത്തരവ്. എൻ.സി.സി ആക്ട് ആറ് മാസത്തിനകം ഭേദഗതി ചെയ്യാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥിനി ഹിന ഹനിഫ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പെൺകുട്ടികൾക്കായുള്ള എൻ.സി.സിയിൽ പ്രവേശനം നിഷേധിച്ചുവെന്നായിരുന്നു ഹർജിക്കാരിയുടെ പരാതി.
ഭിന്നലിംഗക്കാർക്ക് എൻ.സി.സിയിൽ പ്രവേശനം നൽകണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥിനി ഹിന ഹനിഫ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് പ്രവേശന നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കാനും യോഗ്യത നേടിയാൽ എൻ.സി.സി യിൽ പ്രവേശനം നൽകാനും കോടതി നിർദേശിച്ചു. ഒരു മാസത്തിനകം ഈ നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി. എൻസിസിയിൽ ഭിന്നലിംഗക്കാർക്ക് പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമേ അവസരമുള്ളു എന്ന കേന്ദ്ര സർക്കാറിന്‍റെയും എൻസിസിയുടെയും വാദമാണ് കോടതി തള്ളിയത്.
ഭിന്നലിംഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് എൻസിസിയിൽ പ്രവേശനം അനുവദിക്കുന്ന മാർഗ നിർദേശങ്ങളും ചട്ടങ്ങളും നിലവിലില്ല. ഇവർക്ക് പ്രവേശനം അനുവദിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചിരുന്നു. പരിശീലനത്തിന്‍റെ ഭാഗമായി ക്യാമ്പുകളൂം മറ്റും സംഘടിപ്പിക്കുമ്പോൾ മറ്റുള്ളവരുമായി ഒരുമിച്ച് താമസിക്കുകയും ഇടപഴകുകയും ചെയ്യേണ്ടതായി വരും. എതിർ ലിംഗത്തിൽപ്പെട്ടവരോടൊപ്പം ഭിന്നലിംഗക്കാരെ പരിശീലനത്തിനും മറ്റും ഉൾക്കൊള്ളിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ വാദങ്ങൾ തള്ളിയാണ് ഭിന്നലിംഗക്കാർക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതി നൽകിയത്.