കൊച്ചി/കോഴിക്കോട് : കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ‘മാതാപിതാക്കൾ’ എന്ന് തിരുത്തണം എന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ ദമ്പതികൾ ഹൈക്കോടതിയിൽ. അച്ഛനും അമ്മയും എന്ന് പ്രത്യേകമായി രേഖപ്പെടുത്തുന്നതിന് പകരം ‘മാതാപിതാക്കൾ’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കളായ സഹദും സിയ പാവലും ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യത്തിൽ സർക്കാറിന്‍റെ നിലപാട് തേടിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി വീണ്ടും ജൂലൈ 27ന് പരിഗണിക്കാൻ മാറ്റി.
1999ലെ കേരള രജിസ്ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത്ത് റൂൾസ് സെക്ഷൻ 12 പ്രകാരം പിതാവിന്‍റെ പേര് സിയ പാവൽ (ട്രാൻസ്ജെൻഡർ) എന്നും അമ്മയുടെ പേര് സഹദ് (ട്രാൻസ്ജെൻഡർ) എന്നും രേഖപ്പെടുത്തി കോഴിക്കോട് കോർപറേഷൻ ജനന സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ കുട്ടിയുടെ ബയോളജിക്കൽ അമ്മ പുരുഷനായി ജീവിക്കുന്നതിനാൽ ‘മാതാപിതാക്കൾ’ എന്നാക്കി സർട്ടിഫിക്കറ്റ് വേണമെന്ന അപേക്ഷ കോർപ്പറേഷൻ നിരസിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
കുട്ടിക്ക് പുരുഷൻ ജന്മം നൽകി എന്നത് ഒഴിവാക്കാനാണ് ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളെന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത്. അച്ഛനും അമ്മയും എന്ന് രേഖപ്പെടുത്തുന്നത് കുട്ടിയുടെ സ്‌കൂൾ പ്രവേശനം, ആധാർ രേഖ, പാസ്പോർട്ട് എന്നിവയിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ടെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭിന്നലിംഗ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.
ALSO READ :'അവർക്ക് സൗഖ്യം': ഇന്ത്യയിൽ ആദ്യം, ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു