എറണാകുളം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിനുള്ള അവാർഡ് അട്ടിമറിയ്ക്കപ്പെട്ടുവെന്ന് ട്രാൻസ് ജെൻഡർ നടി റിയ ഇഷ. ട്രാന്സ് ജെന്‍ഡർ കാറ്റഗറിയിൽ ഒരു സ്ത്രീ സംവിധായകയ്ക്ക് അവാർഡ് നൽകിയത് യാതൊരു കാരണവശാലും നീതികരിയ്ക്കാന്‍ കഴിയാത്ത കാര്യമാണെന്ന് അവര്‍ പറഞ്ഞു. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അവര്‍.
ട്രാൻസ് ജെൻഡറുകൾ അഭിനയിച്ച നിരവധി സിനിമകൾ അവാർഡിനായി നോമിനേഷൻ നൽകിയിരുന്നെങ്കിലും എന്ത് കൊണ്ടാണ് അവാർഡിനായി പരിഗണിക്കാത്തതെന്ന് അറിയില്ല. ട്രാൻസ് കാറ്റഗറിയിൽ നിലവിൽ അവാർഡ് ലഭിച്ച സർക്കാർ ധനസഹായത്തോടെ നിർമ്മിച്ച ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ സംവിധായക ശ്രുതി തന്നെ ഇതിനെ ചോദ്യം ചെയ്യണം. എന്തിനാണ് തന്നെ ട്രാൻസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയതെന്ന് അവർ ചോദിക്കണമെന്നും റിയ ആവശ്യപ്പെട്ടു.
തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടണം: ഞങ്ങൾക്കുള്ള അംഗീകാരം ഞങ്ങൾക്ക് തന്നെ ലഭിക്കുമ്പോൾ മാത്രമെ സമൂഹത്തിൽ നിന്നും അംഗീകാരം ലഭിക്കുകയുള്ളൂ. സർക്കാറിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നത് സമൂഹത്തിന് തങ്ങളോടുള്ള സമീപനം തന്നെ മാറുന്നതിന് കാരണമാകും. തങ്ങളുടെ കഴിവുകൾ സമൂഹത്തിൽ അംഗീകരിക്കപ്പെടണം.
അദേഴ്‌സ്, വിഡ്ഢികളുടെ മാഷ് തുടങ്ങി ഇത്തവണ തന്‍റെ തന്നെ രണ്ട് സിനിമകൾ ട്രാൻസ് വിഭാഗത്തിൽ നിന്നും അവാർഡിനായി സമർപ്പിച്ചിരുന്നു. അദേഴ്‌സ് എന്ന സിനിമയ്ക്ക് ഇതിനകം ദേശീയ തലത്തിലും, അന്തർദേശീയ തലത്തിലും അവാർഡ് ലഭിച്ചിട്ടുണ്ട്. ട്രാൻസ് വിഭാഗത്തിൽ അവാർഡിനർഹമായ സിനിമകൾ ഇല്ലങ്കിൽ ജൂറി അത് വ്യക്തമാക്കണമായിരുന്നു.
അല്ലാതെ ട്രാൻസ് അല്ലങ്കിൽ സ്ത്രീയെന്ന് പറഞ്ഞ് സ്ത്രീക്ക് അവാർഡ് നൽകിയതിനെ അംഗീകരിക്കാൻ കഴിയില്ല. തങ്ങൾ ഏറെ കഷ്‌ടപെട്ട് അഭിനയരംഗത്തേക്ക് വരുമ്പോഴും പരിഗണിക്കാതിരിക്കുന്നത് ട്രാൻസ് വിഭാഗത്തോട് കാണിക്കുന്ന അവഗണനയാണന്നും റിയ കുറ്റപ്പെടുത്തി.
പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് സംവിധായകനും: ട്രാൻസ് വിഭാഗത്തെ പരിഗണിക്കാത്തതിൽ അദേഴിസിന്‍റെ സംവിധായകൻ ശ്രീകാന്ത് ശ്രീധരനും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷമാണ് ചരിത്രത്തിലാദ്യമായി ട്രാൻസ് വിഭാഗത്തിന് സംസ്ഥാന സർക്കാർ അവാർഡ് ഏർപ്പെടുത്തിയത്. എന്നാൽ രണ്ടാമത്തെ വർഷം തന്നെ ഇത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശ്രീധരൻ പറഞ്ഞു.
പകരം സർക്കാർ സഹായത്താൽ നിർമിച്ച സിനിമയ്ക്കാണ് അവാർഡ് നൽകിയത്. അത് കൊണ്ട് തന്നെയാണ് തങ്ങൾ സംശയിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണെന്നും, ഇത് തന്നെ തുടരുകയാണോ ഉദ്ദേശമെന്നും അദ്ദേഹം ചോദിച്ചു.