എറണാകുളം: കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്‍റെ പോസ്റ്റുമോർട്ടം പൂർത്തിയായി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. അനന്യയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടോയെന്നത് മെഡിക്കൽ റെക്കോഡ്‌സ് പരിശോധനയ്ക്ക് ശേഷം വിലയിരുത്തുമെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം അന്വേഷണത്തിൽ ലിംഗമാറ്റ ശസ്ത്രകിയയിലെ ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അനന്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും. രാവിലെ എട്ടുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം പന്ത്രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Also read:തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി; കടബാധ്യതയെന്ന് ആത്മഹത്യ കുറിപ്പ്
ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ നേതൃത്വത്തിൽ ആലുവയിൽ പൊതു ദർശനം ഒരുക്കിയിട്ടുണ്ട്. അതിനു ശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അനന്യ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവം വിവാദമായത്.
അനന്യയുടെ മൃതദേഹം വിദഗ്ധരടങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കണമെന്ന ട്രാന്‍സ്‌ജെന്‍ഡേഴ്സിന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളജില്‍ വിദഗ്ദ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയത്.