എറണാകുളം : കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായ പത്‌മ ലക്ഷ്‌മി ഇപ്പോൾ ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കിലാണ്. ജൂനിയറാണെങ്കിലും ഇതിനകം ഹൈക്കോടതിയിൽ വരെ കേസുകളിൽ ഹാജരാകാൻ അവസരങ്ങൾ ലഭിച്ചു. വേദനകൾ നിറഞ്ഞ ഭൂതകാലത്തിലെ ചിന്തകൾക്ക് പകരം ശോഭനമായ ഭാവിയെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും തനിക്കും പ്രതിനിധീകരിക്കുന്ന സമൂഹത്തിനും വേണ്ടി ഏറെ ചെയ്യാൻ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും അഭിഭാഷക വൃത്തിയിൽ താൻ സംതൃപ്‌തയാണെന്നും ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഈ ജോലിയിലൂടെ കഴിയുമെന്നും അഡ്വക്കേറ്റ് പത്‌മ ലക്ഷ്‌മി ഇ ടി വി ഭാരതിനോട് പറഞ്ഞു.
'കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയാവുകയെന്നത് തന്‍റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ അഭിഭാഷകയാവണമെന്നതായിരുന്നു ആഗ്രഹം. വക്കീൽ കുപ്പായമിട്ട് കോടതിയിൽ ഹാജരാകുമ്പോൾ ലഭിക്കുന്ന സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. താനൊരു ട്രാൻസ് ജെന്‍ഡറാണെന്ന് വെളിപ്പെടുത്താതെ ജീവിക്കുന്നവർ അഭിഭാഷകർക്കിടയിൽ ഉണ്ടായിരിക്കാം.
ബാർ കൗൺസിൽ ഓഫ് കേരളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. 1528 പേരിൽ ഒന്നാമതായി എൻറോൾ ചെയ്‌തത് ചരിത്ര നിമിഷമാണ്. ഇത്തരമൊരു അവസരം നൽകിയത് കേരള ബാർ കൗൺസിലാണ്'- പത്‌മ പറഞ്ഞു.
പിന്തുണ നല്‍കിയത് മാതാപിതാക്കള്‍ :'സ്വന്തം കുട്ടികളെ അംഗീകരിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയെങ്കിൽ അവർ ഉന്നതങ്ങളിൽ എത്തുക തന്നെ ചെയ്യും. തനിക്ക് പൂർണ പിന്തുണ നൽകിയത് മാതാപിതാക്കളാണ്.
കുട്ടികൾ നെഗറ്റീവായ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുക. പരമാവധി വിദ്യഭ്യാസം നേടുന്നതിൽ ശ്രദ്ധിക്കുക. വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമേ ജോലി നേടി സമാധാനത്തിൽ ജീവിക്കാൻ കഴിയുകയുള്ളൂവെന്നും' - അഡ്വ പത്‌മ ലക്ഷ്‌മി ചൂണ്ടിക്കാണിച്ചു.
തല ഉയര്‍ത്തിപ്പിടിച്ച് വാദിക്കണമെന്ന് അച്ഛന്‍:'ധൈര്യത്തോടെ കോടതിയിൽ പോകാനും തല ഉയർത്തിപ്പിടിച്ച് വാദിക്കാനുമാണ് അച്ഛൻ പറഞ്ഞത്. തനിക്ക് എൻറോൾമെന്‍റ് ദിവസം സർട്ടിഫിക്കറ്റ് നൽകിയ ജസ്‌റ്റിസ് ഡയസിന്‍റെ ബഞ്ചിൽ തന്നെ തൊട്ടടുത്ത ദിവസം കേസിൽ ഹാജരാകാൻ കഴിഞ്ഞതും ഏറെ സന്തോഷം നൽകി. തന്‍റെ ഈ ചെറിയ നേട്ടത്തിൽ പ്രോത്സാഹനവുമായി രംഗത്തുവന്ന മന്ത്രിമാരോടും, പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും' - പത്‌മ അറിയിച്ചു.
'വർഷങ്ങൾക്ക് മുമ്പ് ട്രാൻസ്ജെഡര്‍ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ കഴിയുന്ന സാഹചര്യം കേരളത്തിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് വിദ്യാഭ്യാസം നേടിയെടുക്കാൻ മാത്രമാണ് ശ്രദ്ധിച്ചത്. സ്വന്തം സ്വത്വവുമായി ബന്ധപ്പെട്ട് വലിയ മാനസിക സംഘർഷത്തിലൂടെ കടന്ന് പോകേണ്ട സാഹചര്യം അനുഭവിക്കുന്നവരാണ് ട്രാൻസ്ജെൻഡറുകൾ.
ഹോർമോൺ ചികിത്സയുമായി ബന്ധപ്പെട്ടും മറ്റും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് ഏറെയും. സർജറി നടത്താനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഇപ്പോഴുമില്ല. ട്രാൻസ്ജെന്‍ഡര്‍ ആണെന്നതിന്‍റെ പേരിൽ വീടുകളിൽ നിന്ന് ഇറക്കി വിട്ടവർ ജീവിക്കാൻ പ്രയാസപ്പെടുകയാണ്'- പത്മ ലക്ഷ്‌മി പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്നത് നല്ല പിന്തുണ: 'ട്രാൻസ്ജെൻഡർ വിഭാഗം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, മാറ്റങ്ങൾ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ നല്ല പിന്തുണയാണ് നൽകുന്നതെന്നും' - പത്‌മ ലക്ഷ്‌മി അഭിപ്രായപ്പെട്ടു.