എറണാകുളം:ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണ്ണമായി പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്ന് തന്നെ ഗതാഗതം സാധാരണ രീതിയിലേക്ക് പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് റയിൽവേ അറിയിച്ചു.
ആന്ധ്രയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് ട്രെയിനിന്‍റെ 2, 3, 4, 5 വാഗണുകളാണ് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ആലുവയിൽ പാളം തെറ്റിയത്. ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു.
റെയിൽവെ എഞ്ചിനീയറിങ്ങ് വിഭാഗം സ്ഥലത്തെത്തി ട്രെയിൻ വേർപെടുത്തി ഒരു ട്രാക്ക് വഴി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. പുലർച്ചെ രണ്ടേകാലോടെയാണ് സിംഗിൾ ലൈൻ ട്രാഫിക് പുനസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങിയത്.