എറണാകുളം: സിനിമ ലൊക്കേഷനിൽ നടൻ ടൊവിനോ തോമസിന് പരിക്ക്. ടൊവിനോയെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ തിലകം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിലാണ് ടൊവിനോ തോമസിന്റെ കാലിന് പരിക്കേറ്റത് (Tovino Thomas Injured During Nadikar Thilakam Shooting). പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടെയിലാണ് പരിക്കുപറ്റിയത്. ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. അതിനാൽ 'നടികർ തിലക'ത്തിന്റെ ചിത്രീകരണം നിർത്തിവച്ചു. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ ലാൽ ജൂനിയർ പറഞ്ഞു.
ജോയ് മാത്യുവിന് പരിക്ക്:അതേസമയം വാഹനാപകടത്തിൽ സംവിധായകനും നടനുമായ ജോയ് മാത്യു (Joy Mathew) ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് (Actor Joy Mathew Injured Car Accident).
ജോയ് മാത്യുവിനെ കൂടാതെ വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ജോയ് മാത്യു സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ നടന് ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ഉടന്‍ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.