എറണാകുളം:ബ്രഹ്മപുരത്ത് പ്ലാസ്റ്റിക്ക് മാലിന്യം ബയോമൈനിങ് നടത്താൻ കരാർ ഏറ്റെടുത്ത സോൺട കമ്പനിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ സിപിഎം തന്നെ ഭയപ്പെടുത്തുന്നുവെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഭയപ്പെടുത്തി പിന്മാറ്റാൻ കഴിയില്ലന്നും ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ടോണി ചമ്മണി പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ തന്നെ ഭയപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളിൽ നിന്ന് സി.പി.എം പിന്മാറണം. ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയണം. വ്യക്തിപരമായി അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഭയപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
മറ്റു ചില കമ്പനികൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് സോൺടയുടെ ഉടമയുടെ ആരോപണം കൊച്ചി മേയറും സിപിഎമ്മും ഉൾപ്പടെ ഏറ്റുപിടിക്കുകയാണ്. താൻ ജൂലൈ മാസത്തിലാണ് ആരോപണം ആദ്യമായി ഉന്നയിച്ചത്. ഇതുവരെ അതിനോട് പ്രതികരിക്കാൻ ഇവർ തയ്യാറായിട്ടില്ലെന്നും ടോണി ചമ്മണി പറഞ്ഞു.
സിനിമാ നിര്‍മാതാവ് സ്വാധീനിക്കാന്‍ ശ്രമിച്ചു: അന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഒരു സിനിമ നിർമാതാവ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ടോണി ചമ്മണി വെളിപ്പെടുത്തി. അദ്ദഹം മലബാറിൽ ദീർഘകാലം എം.പിയായ വ്യക്തിയുടെ സന്തത സഹചാരിയാണ്. തന്‍റെ വീട്ടിൽ വന്ന് സോൺട കമ്പനിക്ക് വേണ്ടി സംസാരിക്കുകയും തന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
കൊച്ചി മേയറെ വിമര്‍ശിച്ച് ടോണി ചമ്മിണി:മേയർ സംഭവങ്ങൾ വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. യുഡിഎഫ് കൗൺസിലർ അരിസ്റ്റോട്ടിലിന് തീപ്പിടിത്തത്തിൽ ബന്ധമുണ്ടന്ന് പരാതി ലഭിച്ചതായാണ് പറഞ്ഞത്. ഇത് വ്യാജ പരാതിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വസ്‌തുത പുറത്ത് കൊണ്ട് വരണമെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു.