വിധിയില്‍ പ്രതികരിച്ച് ടി.ജെ ജോസഫ് എറണാകുളം :വിധി അറിഞ്ഞതിലുള്ള കൗതുകം ശമിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഒരു വികാരഭേദവുമില്ലെന്ന് ടി.ജെ ജോസഫ്. തന്‍റെ കൈ വെട്ടിയ കേസിലെ എൻഐഎ കോടതിയുടെ ശിക്ഷാവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ആക്രമിച്ച കേസിലുണ്ടായിരുന്ന ഉത്തരവാദിത്വം സാക്ഷി പറയുക എന്നതായിരുന്നു. ഫലം പ്രതീക്ഷിക്കാതെ ജോലി ചെയ്യുന്നത് പോലെയാണ് സാക്ഷി പറയുകയെന്ന ജോലി ചെയ്‌ത് തീർത്തത്. പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ടി.ജെ ജോസഫ് പറഞ്ഞു.
ശിക്ഷ കുറഞ്ഞുപോയോ കൂടിപ്പോയോ തുടങ്ങിയ കാര്യങ്ങൾ നിയമ പണ്ഡിതൻമാർ പരിശോധിക്കേണ്ടതാണ്. ഈ കേസ് തീവ്രവാദ കേസായാണ് കോടതി പരിഗണിച്ചത്. പ്രതികളെ ശിക്ഷിച്ചതിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശമനം ഉണ്ടാകുമോ ഇല്ലയോ എന്നൊക്കെയുള്ള കാര്യങ്ങൾ രാഷ്ട്രീയ, സാമൂഹിക നിരീക്ഷകർ വിശകലനം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയോട്: കോടതിയൊരു നടപടിക്രമം പൂർത്തീകരിച്ചു. തനിക്ക് ഈ വിധിയിലൊരു ഭാവവേദവുമില്ല. തന്നെ സംബന്ധിച്ചിടത്തോളം കോടതി വിധിയിൽ തൃപ്‌തിയുടെ വിഷയമില്ല. ഒന്നാം പ്രതി നിയമത്തിന് മുന്നിൽ വരാത്തത് അന്വേഷണ സംഘത്തിന്‍റെ പരാജയമായിരിക്കാം. അല്ലെങ്കിൽ പ്രതി സമർത്ഥനായത് കൊണ്ടാവാം. പ്രതിയെ സംരക്ഷിക്കുന്നവർ നിയമത്തിന്‍റെ പഴുതടക്കാന്‍ ത്രാണിയുള്ളവരാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിലരുടെ പ്രാകൃതമായ വിശ്വാസത്തിന്‍റെ പേരിൽ ആക്രമിക്കപ്പെട്ട ഒരു സാധാരണക്കാരനാണ് ഞാന്‍. തനിക്ക് ലഭിക്കാനുള്ള വേദനകളും ദുരിതങ്ങളെല്ലാം ലഭിച്ചു കഴിഞ്ഞു. അതിന്‍റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കുകയോ കഷ്‌ടപെടുത്തുകയോ ചെയ്യുന്നതിൽ യാതൊരു താല്‍പര്യവുമില്ല. എല്ലാ മനുഷ്യരും സുഖമായി ജീവിക്കാനുള്ള ഭൂമിയാണിത്. എല്ലാ മനുഷ്യരും സഹോദര്യത്തിൽ കഴിയുന്ന, ആധുനികമനുഷ്യർ കഴിയുന്ന ലോകമുണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്. പരസ്‌പരം പ്രതികാര നടപടികളിലൂടെ മനസിനെ രസിപ്പിക്കാനുള്ള മനോഭാവത്തിൽ നിന്ന് മാറി ചിന്തിക്കുകയാണെന്നും ടി.ജെ ജോസഫ് പറഞ്ഞു.
കാലം മാറ്റിയ മനുഷ്യന്‍:എല്ലാ മനുഷ്യരുടെയും ദു:ഖങ്ങൾ തനിക്കും ദു:ഖമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മനുഷ്യരുടെ സന്തോഷങ്ങൾ തന്‍റെയും സന്തോഷമായി കാണാനുള്ള ഭാവന ഈ പ്രായത്തിൽ തനിക്കുണ്ടായിട്ടുണ്ട്. കോടതി വിധിയിൽ പ്രത്യേകിച്ച് ഒരു തോന്നലുമില്ല. ഒരോരുത്തരും ഈ കോടതി വിധിയെ വിലയിരുത്തട്ടെ. ഈ രാജ്യത്ത് ഒരു പൗരന് സ്വതന്ത്ര്യമായി ജീവിക്കാൻ കഴിയില്ല എന്നതിന്‍റെ പേരിലാണ് സർക്കാർ തനിക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്. സുരക്ഷയില്ലാതെ എല്ലാവർക്കും ജീവിക്കാനുള്ള സാഹചര്യമാണുണ്ടാകേണ്ടത്. അതിനാണ് ഭരണകർത്താക്കളും, രാഷ്ട്രീയ പാർട്ടികളും, സാംസ്‌കാരിക പ്രവർത്തകരും പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഭയമില്ലെന്നും എന്നാൽ കൊല്ലാൻ വരുമ്പോൾ അറിയാതെ തന്നെ ജീവഭയമുണ്ടാകുമെന്നും ടി.ജെ ജോസഫ് പറഞ്ഞു. എന്നാൽ ആരെയെങ്കിലും ഭയന്ന് ജീവിച്ചിരിക്കുന്നതിൽ വലിയ അർത്ഥമുണ്ടന്ന് കരുതുന്നില്ല. ഗൂഢാലോചന നടത്തിയവർ മതാന്ധതയിയിൽ നിന്ന് മോചിതാരാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അവരെയെല്ലാം നിയമത്തിന്‍റെ മുന്നിൽ കൊണ്ട് വരണമെന്ന ആഗ്രഹമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉള്ളുലച്ചവയില്‍ പ്രതികരണം: സർക്കാർ തനിക്ക് പണ്ടേ നഷ്‌ടപരിഹാരം നൽകേണ്ടതായിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് രേഖാമൂലം പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ സുരക്ഷയൊന്നും ഒരുക്കിയില്ല. നഷ്‌ടപരിഹാരം വേണ്ടായെന്ന് പറയില്ല. സർക്കാർ പണം ആരിൽ നിന്ന് സ്വരൂപിക്കുന്നുവെന്നത് തനിക്ക് വിഷയമല്ലെന്നും ടി.ജെ ജോസഫ് പറഞ്ഞു.
ജോലി ചെയ്‌ത സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ട നാളുകളിൽ വലിയ വിഷമമണ്ടായിരുന്നു. തന്നെ ആക്രമിച്ചവരേക്കാൾ വേദനിപ്പിച്ചത് തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ട അധികാരികളാണ്. എന്നാൽ ആ പ്രയാസങ്ങളെല്ലാം കഴിഞ്ഞു. പിന്നീട് തിരിച്ചെടുക്കുകയും ശമ്പള കുടിശ്ശിക ലഭിക്കുകയും ഇപ്പോൾ കൃത്യമായി പെൻഷൻ കിട്ടി ബുദ്ധിമുട്ടില്ലാതെ ജീവിക്കുകയാണെന്നും ടി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.