എറണാകുളം: മൂവാറ്റുപുഴയിലെ പ്രൊഫ: ടിജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ രണ്ടാം ഘട്ട ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിയോടെയാണ് കൊച്ചിയിലെ എൻഐഎ കോടതി ജഡ്‌ജി അനിൽ ഭാസ്ക്കർ പ്രതികളുടെ ശിക്ഷ വിധിക്കുക. രണ്ടാം ഘട്ടത്തിൽ വിചാരണ നേരിട്ട പതിനൊന്ന് പ്രതികളിൽ ആറു പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി ഇന്നലെ വിധിച്ചിരുന്നു.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാവുമായ എംകെ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ യുഎപിഎ കുറ്റം നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. ഇവർക്ക് ജീവപര്യന്ത്യം ശിക്ഷ നൽകണമെന്നാണ് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടത്. നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന് സമൂഹത്തിനാകെ പാഠമാകുന്ന ശിക്ഷ നൽകണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ നിലപാട് സ്വീകരിച്ചത്.
പ്രായമായ മാതാപിതാക്കൾ തന്നെ ആശ്രയിച്ച് കഴിയുന്നവരാണെന്നും ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട രണ്ടാം പ്രതി സജിലിനോട് വേദന എല്ലാവർക്കും ഒരുപോലെയാണെന്ന് ആക്രമണത്തിനിരയായ ജോസഫ് മാഷിന്‍റെ ജീവിതം ചൂണ്ടി കാണിച്ച കോടതി ഓർമിപ്പിച്ചു. ഒമ്പതാം പ്രതി നൗഷാദ് പതിനൊന്നാം പ്രതി മൊയ്‌തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ യുഎപിഎ നിയമ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല.
എന്നാൽ ഇവർക്കെതിരെ പ്രതികളെ ഒളിപ്പിച്ചു, തെളിവ് നശിപ്പിച്ചു എന്നി കുറ്റങ്ങൾ നിലനിൽക്കുമെന്നും നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഇവരുൾപ്പടെയുള്ളവരോട് വിധി പ്രഖ്യാപന വേളയിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഇവർ വിചാരണ വേളയിൽ ജയിലിൽ കഴിഞ്ഞതിനെ തുടർന്ന് നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു.
12 വർഷത്തിന് ശേഷവും മുഖ്യപ്രതി കാണാമറയത്ത്; 4,6,7,8 ,10 പ്രതികളായ ഷെഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഈ പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിൽ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. രണ്ടാം ഘട്ട വിചാരണ പൂർത്തിയായെങ്കിലും അധ്യാപകന്‍റെ കൈവെട്ടിയ കേസ് അവസാനിക്കുന്നില്ലെന്ന പ്രത്യേകതയും ഈ കേസിലുണ്ട്. നേരിട്ട് കുറ്റ കൃത്യത്തിൽ പങ്കാളിയായ ഒന്നാം പ്രതി സവാദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രവാചക നിന്ദയാരോപിച്ച് ക്രൂരകൃത്യം ആസൂത്രണം ചെയ്‌തതും നടപ്പിലാക്കിയതും പോപ്പുലർ ഫ്രണ്ടാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഒന്നാംഘട്ട വിചാരണയിൽ 31 പേരിൽ 13 പേരെ ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു. ഒളിവിൽ പോയ പ്രതികളിൽ ആദ്യഘട്ടത്തിൽ പിടിയിലായവർക്ക് കുറ്റപത്രം നൽകിയായിരുന്നു വിചാരണ പൂർത്തിയാക്കിയത്. പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്.