കൊച്ചി:പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ആലുവ അദ്വൈത ആശ്രമത്തില്‍ പ്രാർഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്നും പാലായിൽ സി.പി.എമ്മിന് ഒപ്പമാണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്‌താവന വ്യക്തിപരമാണെന്നും തുഷാർ പറഞ്ഞു.
പാലായില്‍ എന്‍.ഡി.എക്ക് ഒപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ചെക്ക് കേസിൽ മോചിതനായ ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തകർ സ്വീകരണം നൽകി.
ചെക്ക് കേസില്‍ നാസിൽ അബ്‌ദുല്ല വ്യാജ രേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. തന്‍റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനെ തുടർന്നാണ് അജ്‌മാൻ കോടതി കേസ് തള്ളിയത്. പണം നൽകി, കേസ് ഒത്തുതീർപ്പാക്കിയാതാണെന്ന സോഷ്യൽ മീഡിയാ പ്രചാരണം ശരിയല്ല. മാപ്പ് പറഞ്ഞ് സത്യം വെളിപ്പെടുത്താൻ നാസിൽ തയ്യാറായില്ലെങ്കിൽ അയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണം തട്ടാനുള്ള ഒരു വ്യക്തിയുടെ ശ്രമത്തെ ജാതീയപ്രശ്‌നമാക്കി മാറ്റാൻ ചിലർ ശ്രമിച്ചു. മുസ്‌ലിം സമുദായത്തിൽപ്പെട്ട സുഹൃത്തുക്കളാണ് തനിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്. യൂസഫലി ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നയാളല്ല. തന്നെ സഹായിച്ചതിന് അദ്ദേഹത്തെ കരിവാരി തേക്കാനുള്ള ശ്രമങ്ങളുണ്ടായി. തനിക്കെതിരെയുണ്ടായ കേസിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല. മുഖ്യമന്ത്രി തന്നെ സഹായിച്ചു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി എല്ലാവരും സഹായിച്ചു. നാസിലിന് പിന്നിൽ പ്രവര്‍ത്തിച്ചത് തന്‍റെ കൂടെ മുമ്പുണ്ടായിരുന്ന ഒരാളായിരുന്നുവെന്നും തുഷാര്‍ പറഞ്ഞു.