എറണാകുളം : തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്, വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. ഇരുമ്പനം കർഷക കോളനി സ്വദേശിയായ മനോഹരൻ (52) ആണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ജനകീയ സമിതിയുടെ പ്രതിഷേധം.
പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചായിരുന്നു ജനകീയ സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മനോഹരനെ വാഹന പരിശോധനയ്‌ക്കിടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പരിശോധനയ്‌ക്കിടെ വാഹനം നിര്‍ത്താതെ പോയ മനോഹരനെ പിന്നാലെ പിന്തുടര്‍ന്നെത്തിയാണ് പൊലീസ് പിടികൂടിയത്.
തുടര്‍ന്ന് ഹെൽമറ്റ് ഊരിയതിന് പിന്നാലെ പൊലീസ് മുഖത്ത് അടിച്ചതായാണ് നാട്ടുകാർ ആരോപിക്കുന്നത്. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ഇല്ലെന്ന് വ്യക്തമായിട്ടും പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് മനോഹരൻ മരിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
എന്നാല്‍ ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് സംഭവത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം. ഉടന്‍ തന്നെ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മനോഹരന്‍റെ മരണം സംഭവിച്ചു.
Also Read : ഇരയെ സ്വാധീനിക്കാന്‍ ശ്രമം; പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം, അഞ്ചുപേര്‍ ഒളിവില്‍
അതേസമയം സംഭവത്തിൽ പൊലീസിനെതിരെ ആരോപണമുയർന്ന സാഹചര്യത്തില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
സമാന സംഭവം വടകരയിലും :വടകരയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. വടകര കല്ലേരി സ്വദേശി സജീവന്‍ ആയിരുന്നു മരിച്ചത്. എസ് ഐയുടെ മര്‍ദനമേറ്റ സജീവന്‍ വടകര പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തത്. സജീവനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് അന്ന് ഇയാളുടെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.
ഈ സംഭവം വ്യാപക പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കി. സജീവന്‍റെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊലീസ് തടയുകയും തുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്‌തിരുന്നു.
Also Read :വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു: എസ്.ഐ മര്‍ദിച്ചെന്ന് സുഹൃത്തുക്കള്‍
തുടര്‍ന്ന്, സംഭവത്തില്‍ കുറ്റാരോപിതരായ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. എസ് ഐ എം വിജീഷ്, എ എസ് ഐ അരുണ്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവര്‍ക്കെതിരെയായിരുന്നു നടപടി.