കേരളം

kerala

പി.ടിയുടെ കോട്ടയില്‍ യുഡിഎഫ് പടയോട്ടം ; 'കൈ' വിടാതെ കര പിടിച്ച് ഉമ

By

Published : Jun 3, 2022, 10:34 AM IST

Updated : Jun 3, 2022, 11:43 AM IST

യുഡിഎഫ് വിജയം ഇടതുഭരണത്തിൽ ചലനങ്ങൾ സൃഷ്ടിക്കില്ലെങ്കിലും, തൃക്കാക്കര യുഡിഎഫിന് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്

thrikkakkara election uma thomas  uma thomas special story  thrikkakkara election news  thrikkakkara update  പിടിയുടെ കോട്ടയില്‍ ഉമയുടെ പടയോട്ടം
പിടിയുടെ കോട്ടയില്‍ ഉമയുടെ പടയോട്ടം

എറണാകുളം : ഉരുക്ക് കോട്ട ഒരിക്കൽ കൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മന്ത്രിമാരും എംഎല്‍എമാരും ക്യാമ്പ് ചെയ്‌ത് നടത്തിയ എല്‍ഡിഎഫിന്‍റെ അതിശക്തമായ പ്രചാരണങ്ങളെ മറികടന്നുള്ള വിജയം യുഡിഎഫിനും ഉമ തോമസിനും കൂടുതല്‍ കരുത്താകും. സഹതാപ തരംഗത്തില്‍ തുടങ്ങി രാഷ്ട്രീയപ്പോരിലേക്ക് തൃക്കാക്കരയെ മാറ്റിയെടുക്കുമ്പോഴും ഉമ തോമസിന്‍റെ ഇടപെടലുകളും തൃക്കാക്കരയുടെ വലത് മനസുമാണ് യുഡിഎഫിന് അനുകൂലമായത്.

'കൈ' വിടാതെ കര പിടിച്ച് ഉമ :സ്ഥാനാർഥി പ്രഖ്യാപനം മുതൽ വെല്ലുവിളികൾ ഏറെയായിരുന്നു ഉമ തോമസിന് മുമ്പിൽ. സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ച ഘട്ടം മുതൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് മതിയെന്ന നിലപാടായിരുന്നു പ്രാദേശിക നേതൃത്വത്തിന്. പി.ടിയുടെ പിൻഗാമിയാകാനുള്ള നിയോഗം മുന്നണി കോൺഗ്രസ് നേതൃത്വം പി.ടിയുടെ പത്നിക്ക് നൽകിയപ്പോള്‍ എതിർ ശബ്‌ദങ്ങളും ഡിസിസിയിലെ രാജിക്കും കേരളം സാക്ഷിയായി.

കെവി തോമസ്, എംബി മുരളീധരൻ എന്നീ നേതാക്കൾ കോൺഗ്രസ് വിട്ടതും വികസനത്തിന് വോട്ട് എന്ന എല്‍ഡിഎഫ് മുദ്രാവാക്യവും ഉമ തോമസിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ആദ്യ ഘട്ടത്തിലെ തർക്കങ്ങൾ എല്ലാം മറികടന്ന് ചെറു പുഞ്ചിരിയുമായി ഉമ തോമസും സംഘവും വോട്ടർമാർക്കിടയിലേക്കെത്തി. വെല്ലുവിളികൾ എല്ലാം നിഷ്പ്രഭമാക്കിയ വിജയത്തിന്‍റെ കാതലും ഈ ഒറ്റക്കെട്ടായ പ്രവർത്തനം തന്നെ.

പരമ്പരാഗത വോട്ട് ബാങ്കായ ന്യൂനപക്ഷ വോട്ടുകളും മുന്നണിയെ കൈവിട്ടില്ല. വോട്ടിങ് ശതമാനത്തിലെ കുറവും പ്രതിസന്ധി സൃഷ്ടിച്ചില്ല. എകെ ആന്‍റണി, കെസി വേണുഗോപാല്‍, കെ സുധാകരൻ, വിഡി സതീശൻ അടക്കമുള്ള മുഴുവൻ നേതാക്കളും യുഡിഎഫ് കോട്ട നിലനിർത്താൻ പ്രചാരണവുമായി മുന്നില്‍ നിന്നപ്പോൾ ഉമ തോമസിന് കരുത്ത് കൂടി. മുൻപെങ്ങുമില്ലാത്ത വിധം എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തെ നേരിടാൻ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതോടെ എല്‍ഡിഎഫ് പ്രതീക്ഷകൾ തകർന്നടിഞ്ഞു.

യുഡിഎഫിന് ആശ്വാസം : വിജയം ഇടതുഭരണത്തിൽ ചലനങ്ങൾ സൃഷ്ടിക്കില്ലെങ്കിലും, തൃക്കാക്കര യുഡിഎഫിന് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. ഇടത് സർക്കാരിനെതിരെയുള്ള സമരങ്ങള്‍ക്ക് ഇനി കരുത്ത് കൂടും. രണ്ടാം പിണറായി സർക്കാരിന് എതിരായ വിലയിരുത്തലായി തൃക്കാക്കരയെ മാറ്റിയെടുക്കാൻ സാധിച്ചതാണ് ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് നല്‍കുന്ന വിജയം. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തില്‍ പരമ്പരാഗത കോട്ടയായ എറണാകുളവും തൃക്കാക്കരയും യുഡിഎഫിന് വലിയ പ്രതീക്ഷയും ആശ്വാസവുമാണ്.

യുഡിഎഫിന്‍റെ ഭാഗമായ കെകെ രമയ്‌ക്കൊപ്പം കോൺഗ്രസിന്‍റെ ഏക വനിത എംഎല്‍എയായി ഉമ തോമസ് ഇനി നിയമസഭയിലുണ്ടാകും. ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ലഭിക്കാറുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുന്നതിനും തൃക്കാക്കര തെരഞ്ഞെടുപ്പ് കാരണമായി.

വികസനത്തേക്കാൾ വേഗത്തിലോടി ഉമ : കെ-റെയില്‍, കൊച്ചി മെട്രോ, വാട്ടർ മെട്രോ അടക്കം തൃക്കാക്കരയെ കേരളത്തിന്‍റെ വികസന മാതൃകയാക്കുമെന്ന വാഗ്‌ദാനങ്ങളുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണപക്ഷ എംഎല്‍എയെ ലഭിച്ചാല്‍ തൃക്കാക്കരയിലേക്ക് കൂടുതല്‍ വികസനമെത്തുമെന്നും എല്‍ഡിഎഫ് പ്രചാരണം നടത്തി. മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവർ നേരിട്ടാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

എന്നാല്‍ പിടി തോമസ് തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പിന്തുണ വേണമെന്ന് മാത്രമാവശ്യപ്പെട്ടാണ് ഉമ തോമസും യുഡിഎഫും വോട്ട് ചോദിച്ചത്. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന ആരോപണം ഉയർന്നപ്പോൾ അത്തരം ആരോപണങ്ങൾക്കില്ലെന്നാണ് ഉമ തോമസ് പ്രതികരിച്ചത്. രാവിലെത്തെ പതിവുനടത്തവും അതിനൊപ്പം വോട്ട് അഭ്യർഥിക്കലും ഉമ തോമസിനെ അതിവേഗം ആളുകൾക്കിടയില്‍ സ്വീകാര്യയാക്കി.

മഹാരാജാസ് കോളജിലെ കെഎസ്‌യു പാരമ്പര്യത്തില്‍ നിന്ന് പിടി തോമസിന്‍റെ പത്‌നിയിലേക്കും ഇപ്പോൾ പിടിയുടെ തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച് നിയമസഭയിലേക്കും നടന്നുകയറുകയാണ് ഉമ തോമസ്.

Last Updated : Jun 3, 2022, 11:43 AM IST

ABOUT THE AUTHOR

...view details