എറണാകുളം: തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം. ജില്ല സെക്രട്ടറി സി.എൻ മോഹനൻ. പ്രതിക്ഷ നേതാവ് നടത്തുന്ന പ്രസ്‌താവന വസ്‌തുത വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥി സമുദായത്തിന്‍റെ സ്ഥാനാർഥിയാണെന്നും, സ്ഥാനാർഥി നിർണയം വൈകിയെന്നുമാണ് വി.ഡി സതീശൻ പ്രചരിപ്പിക്കുന്നത്. ഒരാളുടെ മരണത്തിന്‍റെ പിറ്റേ ദിവസം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഇടതുമുന്നണിയുടെ രീതിയല്ലെന്നും സി.എൻ മോഹനൻ പറഞ്ഞു.
ഒരാളുടെ മരണത്തിന്‍റെ പിറ്റേദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ഇടതുമുന്നണിയുടെ രീതിയല്ല: സി.എൻ മോഹനൻ - c n mohanan against v d satheeshan
ഇടതുമുന്നണി സ്ഥാനാർഥി സമുദായത്തിന്‍റെ സ്ഥാനാർഥിയാണെന്ന് വി.ഡി സതീശൻ
മത സാമുദായിക സംഘടനകളുമായി ഇടതുമുന്നണിക്ക് നല്ല ബന്ധമാണുള്ളത്. എന്നാൽ സമുദായ നേതാക്കൾ ഇന്നയാളെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞിട്ടില്ല. ഡോ. ജോ ജോസഫ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വച്ച് മാധ്യങ്ങളെ കണ്ടതിൽ എന്താണ് തെറ്റുള്ളതെന്നും അദ്ദേഹം ചോദിച്ചു. അൽമായ സംഘത്തിന്‍റെ പേരിൽ ഇടതു സ്ഥാനാർഥിക്കെതിരെ വാർത്ത സമ്മേളനം നടത്തിയത് ഒരു കൂട്ടം കോൺഗ്രസുകാരാണ്. ഇടതുമുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ക്യാമ്പ് ഉലഞ്ഞിരിക്കുകയാണ്. അതിന്റെ വെപ്രാളമാണ് കാണുന്നത്.
കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലും ഡോ. ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. കമ്യൂണിസ്റ്റുകാർ വികസനത്തിന് എതിരായിരുന്നുവെന്ന പ്രചാരണം നുണയാണന്നും സി.എൻ മോഹനൻ പറഞ്ഞു. തൃക്കാക്കരയിൽ ഒരോ ബൂത്തിലും പഴുതടച്ചുള്ള പ്രചാരണ പ്രവർത്തനമായിരിക്കും നടത്തുക. ജില്ലയിലെ പ്രധാന പ്രവർത്തകരെ ഇതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയായ ഡോ. ജോ ജോസഫിന് പാർട്ടി അംഗത്വമുണ്ടെന്നും സി.എൻ. മോഹനൻ വ്യക്തമാക്കി.