എറണാകുളം:ഓണാഘോഷവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ കേന്ദ്രമായ തൃക്കാക്കര ക്ഷേത്രത്തിലെ ആഘോഷം ഇത്തവണയും ചടങ്ങുകളിൽ ഒതുങ്ങി. കൊവിഡിന് മുമ്പുള്ള ഓണാഘോഷങ്ങൾക്ക് ആയിരങ്ങളായിരുന്നു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിലെത്തിയിരുന്നത്. ഓണാഘോഷത്തിന് പിന്നിലെ ഐതിഹ്യങ്ങൾ ഇവിടെ നടന്നുവെന്നാണ് സങ്കൽപം.
ആഘോഷങ്ങളില്ല, തൃക്കാക്കരക്ഷേത്രത്തിലെ ഓണം ഇത്തവണയും ചടങ്ങുകൾ മാത്രം തൃക്കാക്കര സന്ദര്‍ശനത്തിനെത്തിയ സമയത്താണ് മഹാബലിയെ തേടി വാമനന്‍ എത്തിയതെന്നും മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയത് തൃക്കാക്കര ക്ഷേത്രത്തില്‍ വച്ചാണെന്നുമാണ് വിശ്വാസം. വാമന പ്രതിഷ്‌ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണ് തൃക്കാക്കര ക്ഷേത്രം.
ചടങ്ങുകളിൽ ഒതുങ്ങിയ ഓണാഘോഷം
തിരുവോണ ദിനത്തിൽ കൊട്ടും കുരവയുമായാണ് ക്ഷേത്രത്തിലെത്തിയ വാമന മൂർത്തിയെ ഭക്തർ സ്വീകരിച്ചത്. തുടർന്ന് ക്ഷേത്രത്തിലെ മഹാബലി മണ്ഡപത്തിലെത്തി പാതാളത്തിൽ നിന്നും മഹാബലിയെ വാമനൻ സ്വീകരിക്കുന്നതായിരുന്നു തിരുവോണ ദിനത്തിലെ പ്രധാന ചടങ്ങ്. വാമനൻ മഹാബലിയെയും കൂട്ടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും ഐതിഹ്യത്തെ യഥാർഥ്യമാക്കുന്ന ആചാരം കൂടിയാണ്.
ഒരാനയെ മാത്രം പങ്കെടുപ്പിച്ചുള്ള ശ്രീബലിയും പ്രത്യേക നാദസ്വരവുമാണ് ഇത്തവണ അരങ്ങേറിയത്. മുൻ കാലങ്ങളിൽ ഒമ്പത് ആനകളെയായിരുന്നു ഈ ചടങ്ങിൽ പങ്കെടുപ്പിച്ചിരുന്നത്. ജാതിമതഭേദമന്യേ ഓണത്തിന്‍റെ സൗഹൃദ സന്ദേശം ഉൾകൊണ്ട് ആയിരങ്ങൾ പങ്കെടുത്തിരുന്ന ഓണസദ്യയും ഇത്തവണ ഒഴിവാക്കിയിരുന്നു.
ALSO READ:മലയാളികള്‍ക്ക് ഇന്ന് പൊന്നോണം, കൊവിഡില്‍ കരുതലോണം
അത്തം മുതൽ പത്തു ദിവസം നീണ്ടു നിന്ന ഉത്സവ ചടങ്ങുകൾക്കാണ് തിരുവോണ നാളിൽ തൃക്കാക്കര ക്ഷേത്രത്തിൽ സമാപനം കുറിച്ചത്. രാജ ഭരണകാലത്ത് 64 നാടുവാഴികൾ ചേർന്നാണ് തൃക്കാക്കരയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. രാജഭരണം ജനാധിപത്യത്തിലേക്ക് വഴി മാറിയതോടെ നാട്ടുകാരുള്‍പ്പെടുന്ന മഹാദേവ ക്ഷേത്രസമിതിയാണ് ഓണാഘോഷം സംഘടിപ്പിച്ചു വരുന്നത്.