എറണാകുളം: മനുഷ്യരെല്ലാവരും ഒന്നാണെന്ന ചിന്തയാണ് ഓണം പകർന്ന് നൽകുന്നതെന്ന് മന്ത്രി പി.രാജീവ്. തൃക്കാക്കരയിലെ ഓണാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു. ഓണത്തിന്‍റെ പ്രത്യേകത ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും അതിർ വരമ്പുകൾക്ക് അതീതമായ ഒരുമയാണ്.
ഇത് ഇന്നത്തെ ലോകത്ത് തന്നെ ഏറെ പ്രസക്തമായ കാഴ്‌ചപ്പാടാണ്. മനുഷ്യ മനസുകളിലേക്ക് ഈ സന്ദേശം എത്തിക്കുന്ന ഇത്തരം ആഘോഷങ്ങൾ സന്ദർഭോജിതമാണ്. പ്രത്യേകിച്ച് പലയിടങ്ങളിലും ഒരുമയ്ക്കും ഐക്യത്തിനുമെതിരെയുള്ള വെല്ലുവിളികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഒരുമയുടെ ചിന്ത സമൂഹത്തിലേക്ക് ശക്തമായി പകർന്നു നൽകുന്നതിന് ഓണാഘോഷം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തൃക്കാക്കരയിൽ 10 ദിവസത്തെ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്. ഇന്നായിരുന്നു ഓണ സദ്യ ഉളളത്. ഈ പ്രദേശത്തുള്ളവരെല്ലാം ഇവിടെ വച്ചാണ് ഓണ സദ്യ കഴിക്കുന്നതെന്നും എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ പതിനായിരത്തോളം പേരാണ് സദ്യയിൽ പങ്കെടുത്തതെങ്കിൽ ഇത്തവണ അതിനേക്കാൾ കൂടുതൽ പേർ സദ്യക്കായി എത്തുമെന്നാണ് കരുതുന്നത്. വളരെ നല്ല ഒരുക്കങ്ങളാണ് ഇതിനായി നടത്തിയിട്ടുളളത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായും മന്ത്രി പി രാജീവ് പറഞ്ഞു.
തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണ സദ്യയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം.പി.മാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ സദ്യ വിളമ്പൽ വൈകുന്നേരം വരെ നീണ്ടു നിൽക്കും. എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും വിപുലമായി പങ്കെടുക്കുന്ന സൗഹാർദ വേദി കൂടിയാണ് തൃക്കാക്കരയിലെ ഓണ സദ്യ.
തൃക്കാക്കരയിലെ ഐതിഹ്യം:ഓണാഘോഷവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ കേന്ദ്രമായ തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ നാളിലെ ഉത്സവ ചടങ്ങുകൾ പുരോഗമിച്ചിട്ടുണ്ട്. തിരുവോണ ദിവസം അതിരാവിലെ മുതൽ ആയിരങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.