കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് എറണാകുളം: തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ വീണ്ടും രാഷ്ട്രീയ അട്ടിമറി. വൈസ് ചെയർമാനെതിരെ ഇടതുമുന്നണിയുടെ പിന്തുണയോടെ സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം മുസ്‌ലിംലീഗ് പിന്തുണയോടെ പാസായി. ലീഗ് പ്രതിനിധി കൂടിയായ വൈസ് ചെയർമാൻ എ.എ ഇബ്രാഹിം കുട്ടിക്കെതിരെയാണ് അവിശ്വാസ പ്രമേയം പാസായത്.
43 അംഗ കൗൺസിലിൽ 17 എൽഡിഎഫ് കൗൺസിലർമാരും മൂന്ന് സ്വതന്ത്രരും മൂന്ന് ലീഗ് കൗൺസിലർമാരും ഉൾപ്പടെ 23 പേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഒരു ലീഗ് അംഗമുൾപ്പടെ പതിനെട്ട് യുഡിഎഫ് അംഗങ്ങളും രണ്ട് സ്വതന്ത്രരും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. ലീഗിന്‍റെ പ്രതിനിധിയായ വൈസ് ചെയർമാന്‍ ഇബ്രാഹിം കുട്ടി ജില്ല നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജിവയ്‌ക്കാൻ തയ്യാറായിരുന്നില്ല.
പകരം അവിശ്വാസത്തെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇബ്രാഹിം കുട്ടിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പാർട്ടി തീരുമാന പ്രകാരമാണ് മൂന്ന് ലീഗ് കൗൺസിലർമാർ പിന്തുണച്ചത്. അതേസമയം ഒരു ലീഗ് അംഗം വിട്ട് നിന്നതും ശ്രദ്ധേയമാണ്.
തൃക്കാക്കര മുനിസിപ്പാലിറ്റി ഒരു അവലോകനം:തൃക്കാക്കര നഗരസഭയിൽ 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഇടത് മുന്നണിക്ക് പതിനേഴും, അഞ്ച് സ്വതന്ത്ര അംഗങ്ങളുമാണുണ്ടായിരുന്നത്. നാല് സ്വതന്ത്രർ യുഡിഎഫിനെയും പി.സി മനൂപ് എന്ന ഒരംഗം ഇടത് മുന്നണിയെയും പിന്തുണച്ചിരുന്നു. രണ്ടര വർഷത്തിനിടയിൽ നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ തൃക്കാക്കരയിൽ കോൺഗ്രസിലെ ഗ്രൂപ്പ് ധാരണയെ തുടർന്ന് ഐ ഗ്രൂപ്പ് പ്രതിനിധിയായ അജിത തങ്കപ്പൻ രാജിവച്ചിരുന്നു.
ആദ്യഘട്ടത്തിൽ മുൻധാരണ പ്രകാരം അജിത തങ്കപ്പൻ രാജിവയ്‌ക്കാൻ തയ്യാറായിരുന്നില്ല. ഇതിനിടെ നാല് സ്വതന്ത്ര അംഗങ്ങൾ ഇടതുമുന്നണിയുടെ പിന്തുണയോടെ ചെയർപേഴ്‌സനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. യുഡിഎഫ് തങ്ങളെ പരിഗണിക്കുന്നില്ലെന്നായിരുന്നു സ്വതന്ത്ര അംഗങ്ങളുടെ വിമർശനം. ഇതോടെയാണ് ചെയർപേഴ്‌സണ്‍ അജിത തങ്കപ്പൻ രാജിവച്ചത്. എ ഗ്രൂപ്പ് പ്രതിനിധിയായ രാധാമണി പിള്ളയെയാണ് യുഡിഎഫ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
രാഷ്‌ട്രീയ നാടകങ്ങള്‍ അണിയറയില്‍: അവിശ്വാസപ്രമേയം അവതരിപ്പിച്ച സ്വതന്ത്ര അംഗം ഓമന സാബുവിനെ ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിച്ച് പിന്തുണ നൽകാനാണ് ഇടതുമുന്നണിയിൽ ആലോചന നടക്കുന്നത്. അങ്ങിനെയെങ്കിൽ പതിനേഴ് ഇടതുമുന്നണി അംഗങ്ങളെ കൂടാതെ ഇപ്പോൾ പിന്തുണച്ച മൂന്ന് സതന്ത്രരുടെയും ലീഗ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന രണ്ട് അംഗങ്ങളുടെയും പിന്തുണ ലഭിച്ചാൽ തൃക്കാക്കരയിൽ ഭരണമാറ്റം സാധ്യമാണ്.
എന്നാല്‍ ഏത് സമയത്തും കാലുമാറാൻ സാധ്യതയുള്ളവരാണ് ഇതുവരെ യുഡിഎഫിനെ പിന്തുണച്ച നാല് സ്വതന്ത്രർ എന്ന ബോധ്യമുള്ളതിനാൽ ഇടതുമുന്നണിക്ക് ഭരണം പിടിക്കാൻ താല്‍പര്യമില്ല. അതേസമയം സ്വതന്ത്രരെ ഭരണമേല്‍പിച്ച് പിന്തുണ നൽകി, യുഡിഎഫിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. ഇതോടെ വരും ദിവസങ്ങളിലും തൃക്കാക്കരയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുമെന്നതിൽ സംശയമില്ല.
Also read:Thrikkakara Municipality | ചെയർപേഴ്‌സണ്‍ അജിത തങ്കപ്പൻ രാജിവച്ചു ; തീരുമാനം എ, ഐ ഗ്രൂപ്പുകൾ തമ്മിലെ ധാരണ പ്രകാരം