എറണാകുളം: പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു. ചെയർപേഴ്‌സന്‍റെ ഹർജി പരിഗണിച്ച കോടതി തൃക്കാക്കര പൊലീസിന് നോട്ടീസ് അയച്ചു.
അസിസ്റ്റൻ്റ് കമ്മിഷണർക്കും സിഐക്കുമാണ് നോട്ടീസ് അയച്ചത്. എന്ത് കൊണ്ടാണ് പൊലീസ് സംരക്ഷണം നൽകാത്തതെന്ന് കോടതി ചോദിച്ചു. നഗരസഭ കൗൺസിൽ യോഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് കൂടി ചൂണ്ടികാണിച്ചാണ് ചെയർപേഴ്‌സൺ ഹർജി സമർപ്പിച്ചത്.
ALSO READ:പണക്കിഴി വിവാദം: നഗരസഭാധ്യക്ഷയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്
കൊവിഡ് സാഹചര്യത്തിൽ ഇത്തരത്തിൽ സുരക്ഷയൊരുക്കാൻ പ്രയാസമുണ്ടെന്ന് പൊലീസ് ചെയർപേഴ്‌സണെ അറിയിച്ചതായാണ് വിവരം. ഇതേ തുടർന്നാണ് ചെയർപേഴ്‌സൺ വീണ്ടും കോടതിയെ സമീപിച്ചത്.
പണക്കിഴി വിവാദത്തിൽ ആരോപണ വിധേയയായ നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫീസിൽ ബുധനാഴ്‌ച പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചിരുന്നു. പൊലീസ് നടപടിയിൽ പ്രതിപക്ഷ കൗൺസിലർമാരെ ബലപ്രയോഗത്തിലൂടെയാണ് നീക്കം ചെയ്ത ശേഷമാണ് ചെയർപേഴ്‌സൺ ഓഫീസിൽ നിന്നും മടങ്ങിയത്.