കേരളം

kerala

ETV Bharat / state

Thrikkakara Municipality | ചെയർപേഴ്‌സണ്‍ അജിത തങ്കപ്പൻ രാജിവച്ചു ; തീരുമാനം എ, ഐ ഗ്രൂപ്പുകൾ തമ്മിലെ ധാരണ പ്രകാരം - തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണ്‍ രാജി

കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾക്ക് രണ്ടര വർഷം വീതമാണ് നഗരസഭ ചെയർപേഴ്‌സണ്‍ സ്ഥാനമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അജിത തങ്കപ്പന്‍റെ രാജി

Etv Bharat
Etv Bharat

By

Published : Jul 3, 2023, 3:59 PM IST

അജിത തങ്കപ്പൻ മാധ്യമങ്ങളോട്

എറണാകുളം :തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണ്‍ അജിത തങ്കപ്പൻ രാജിവച്ചു. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ടികെ ഹരിദാസിനാണ് അവർ രാജിക്കത്ത് കൈമാറിയത്. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ധാരണ പ്രകാരമാണ് നിലവിലെ അധ്യക്ഷ രാജിവച്ചത്. ഇരു ഗ്രൂപ്പുകൾക്കും രണ്ടര വർഷം വീതം ചെയർപേഴ്‌സണ്‍ സ്ഥാനം എന്നതായിരുന്നു ധാരണ.

എന്നാൽ, രണ്ടര വർഷം പൂർത്തിയായിട്ടും ഐ ഗ്രൂപ്പ് പ്രതിനിധിയായ അജിത തങ്കപ്പൻ രാജിവയ്‌ക്കാൻ തയ്യാറായിരുന്നില്ല. രാധാമണിപ്പിള്ളയെ ചെയർപേഴ്‌സണാക്കാനുള്ള എ ഗ്രൂപ്പ് തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു അജിതയുടെ നിലപാട്. ഇതിനിടെ, യുഡിഎഫിന് പിന്തുണ നൽകിയിരുന്ന നാല് കൗൺസിലർമാർ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച ഇടതുമുന്നണി നൽകിയ ചെയർപേഴ്‌സണെതിരായ അവിശ്വാസപ്രമേയ നോട്ടിസിൽ, സ്വതന്ത്ര കൗൺസിലർമാർ ഒപ്പിടുകയും ചെയ്‌തു. ഇതോടെയാണ് അജിത തങ്കപ്പൻ രാജിവയ്‌ക്കാൻ തയ്യാറായതെന്നാണ് സൂചന.

ഡിസിസിയുടെ നിർദേശപ്രകാരമാണ് താൻ രാജിവയ്ക്കുന്നതെന്ന് കത്ത് സമർപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അജിത തങ്കപ്പൻ വ്യക്തമാക്കി. പ്രതിപക്ഷവും സർക്കാരും തന്‍റെ രാജിക്കായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടരവർഷക്കാലം അത്തരം കാര്യങ്ങളാണ് നടന്നത്. എന്നാൽ, കോൺഗ്രസ് കൗൺസിലർമാരുടെ ഭാഗത്ത് നിന്ന് പൂർണ പിന്തുണ ലഭിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ എല്ലാവരുടേയും പിന്തുണ ലഭിച്ചിട്ടുണ്ട്. മുൻ ധാരണ പ്രകാരം രാജിവയ്‌ക്കാൻ താമസിച്ചിട്ടില്ലെന്നും അജിത തങ്കപ്പൻ വിശദീകരിച്ചു. തൃക്കാക്കരയിൽ യുഡിഎഫിന് ഭരണം നഷ്‌ടപ്പെടില്ലെന്നും അജിത തങ്കപ്പൻ അവകാശപ്പെട്ടു. നാല് സ്വതന്ത്രരും യുഡിഎഫിന് ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി മുതലെടുത്ത ഇടതുമുന്നണി, സ്വതന്ത്രരെ ഉപയോഗിച്ച് യുഡിഎഫിനെ താഴെയിറക്കാനുളള തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് നാല് സ്വതന്ത്ര കൗൺസിലർമാർ യുഡിഎഫിന് നൽകി വന്ന പിന്തുണ പിൻവലിച്ചത്. തങ്ങളെ ഇടതുമുന്നണി പിന്തുണയ്ക്കുമെന്നും സ്വതന്ത്ര കൗൺസിലർമാർ നഗരസഭ ഭരിക്കുമെന്നും ഇവര്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സ്വതന്ത്ര കൗൺസിലർമാർ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയ നോട്ടിസിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. സ്വതന്ത്ര കൗൺസിലർമാരായ ഇപി ഖാദർകുഞ്ഞ്, ഓമന സാബു, അബ്‌ദുൾ ഷാൻ, വർഗീസ് പ്ലാശേരി എന്നിവരാണ്, യുഡിഎഫ് തങ്ങളെ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുന്നയിച്ച് പ്രതിപക്ഷത്തുള്ള ഇടതുമുന്നണിയുടെ സഹകരണത്തോടെ നഗരസഭയുടെ ഭരണം പിടിക്കാൻ രംഗത്തുള്ളത്.

'ഒന്ന് സംസാരിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല':തൃക്കാക്കര നഗരസഭയിൽ 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഇടതുമുന്നണിക്ക് 17, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് മറ്റ് കക്ഷിനില. നാല് സ്വതന്ത്രർ യുഡിഎഫിനേയും പിസി മനൂപ് എന്ന ഒരംഗം ഇടതുമുന്നണിയേയും പിന്തുണച്ചിരുന്നു. നാല് സ്വതന്ത്ര അംഗങ്ങളെ ഇടതുമുന്നണി പിന്തുണയ്ക്കുന്നതോടെ 22-ായി പ്രതിപക്ഷത്തിന്‍റെ അംഗസംഖ്യ ഉയരും. നിലവിലെ സാഹചര്യത്തിൽ ചെയർപേഴ്‌സണ്‍ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും യുഡിഎഫിന് ഭരണം നഷ്‌ടമാവുകയും ചെയ്യും. സ്വതന്ത്ര അംഗം ഓമന സാബുവിനെ നഗരസഭ അധ്യക്ഷയാക്കാനാണ് സ്വതന്ത്രരുടെ തീരുമാനം. ഇതിന് പൂർണപിന്തുണ ഇടതുമുന്നണി വാഗ്‌ദാനം ചെയ്‌തതായി സ്വതന്ത്ര കൗൺസിലര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ടര വർഷമായി യുഡിഎഫിന് നിരുപാധികം പിന്തുണ നൽകിയ തങ്ങൾ വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് എന്നിവർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, തങ്ങളോട് സംസാരിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന വിമർശനമാണ് സ്വതന്ത്ര കൗൺസിലർമാർ ഉന്നയിക്കുന്നത്. സ്വതന്ത്ര അംഗങ്ങളായ അഞ്ച് പേർ ചേർന്ന് നഗരസഭ ഭരിക്കട്ടെ, തങ്ങൾ പിന്തുണ നൽകാമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. എന്നാൽ, ഏത് വിധേനയും സ്വതന്ത്ര കൗൺസിലർമാരെ കൂടെ നിർത്തി ഭരണം നിലനിർത്താനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്.

ABOUT THE AUTHOR

...view details