എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്ച (03.06.2022) രാവിലെ എട്ടിന് എറണാകുളം മഹാരാജാസ് കോളജില്‍ സജ്ജമാക്കിയിരിക്കുന്ന കൗണ്ടിങ് കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യ ഫലസൂചനകള്‍ രാവിലെ എട്ടരയോടെ പുറത്ത് വരും.
പോസ്റ്റൽ വോട്ടുകളും, സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്നാവും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും.
വോട്ടിങ് യന്ത്രത്തിലെ വോട്ടുകളില്‍ കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന ഇടപ്പള്ളി, പാലാരിവട്ടം, പനമ്പിള്ളിനഗർ, വെണ്ണല, വൈറ്റില ഭാഗങ്ങളിലെ വോട്ടുകളാണ് ആദ്യം എണ്ണുക. യു.ഡി.എഫിന് സ്വാധീനമുള്ള ഈ മേഖലയിലാണ് തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞത്. ഈ സാഹചര്യത്തിൽ ആദ്യ റൗണ്ടിലെ ഫലസൂചനകളെ ആകാംക്ഷയോടെയാണ് മുന്നണികള്‍ കാണുന്നത്.
ആശങ്കയും പ്രതീക്ഷയും:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ 68.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,96,805 വോട്ടർമാരിൽ 1,35,342 പേരാണ് വോട്ട് ചെയ്‌തത്. വോട്ടിങ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്.
5000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും ഉമ തോമസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കു കൂട്ടലിലാണ് ഇടതുമുന്നണി. മണ്ഡലത്തില്‍ വോട്ട് വിഹിതം കൂടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.