എറണാകുളം: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്‌ണന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി കലക്‌ടറേറ്റിലെത്തിയാണ് വരണാധികാരിക്ക് പത്രിക കൈമാറിയത്. മണ്ഡലത്തില്‍ ബിജെപി അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം സ്ഥാനാര്‍ഥി അഭിപ്രായപ്പെട്ടു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്‌ണന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവയ്‌ക്കാനുള്ള പണം നല്‍കിയത് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷനാണെന്ന് എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മെട്രോ രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ നാര്‍ക്കോട്ടിക്ക് ജിഹാദ്, ലവ് ജിഹാദ് ഉള്‍പ്പടെയുള്ള വിഷയങ്ങളും ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.
കേന്ദ്രസര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാകും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. നഗരപ്രദേശമായ മണ്ഡലത്തില്‍ മോദി സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടം ലഭിക്കുന്നുണ്ട്. സ്‌മാര്‍ട്ട് സിറ്റി, അമൃത് നഗരം പദ്ദതികളുടെ നേട്ടവും ലഭിക്കുന്ന പ്രദേശമാണ് തൃക്കാക്കരയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയിലെയും, വലതുമുന്നണിയിലെയും സ്ഥാനാര്‍ഥികള്‍ ഇന്നലെ (09 മെയ്) നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. മന്ത്രി പി രാജീവ്, ജോസ് കെ മാണി, എം സ്വരാജ് എന്നിവര്‍ക്കൊപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് നാമനിര്‍ദേശപത്രിക നല്‍കിയത്. വിലക്കയറ്റത്തിന്‍റെയും, ഇന്ധനവിലവര്‍ധനവിനെതിരെയും പ്രതിഷേധം അറിയിക്കാന്‍ സൈക്കിള്‍ റിക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാൻ കലക്‌ടറേറ്റിലെത്തിയത്.
Also read: തൃക്കാക്കരയില്‍ ട്വന്‍റി 20 വോട്ടെങ്ങോട്ട്? തങ്ങള്‍ക്കനുകൂലമെന്ന് അവകാശപ്പെട്ട് മുന്നണികള്‍