എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് വരണാധികാരി സ്ഥാനാര്‍ഥിപട്ടിക പുറത്ത് വിട്ടത്. അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ എട്ട് പേരാണ് തൃക്കാക്കരയില്‍ നിന്ന് ജനവിധി തേടുന്നത്.
ബാലറ്റ് മെഷീനില്‍ കോണ്‍ഗ്രസിന്‍റെ ഉമ തോമസാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഇടതുമുന്നണിയുടെ ഡോ. ജോ ജോസഫാണ്. മൂന്നാമതായാണ് ബിജെപി സ്ഥാന്‍ഥി എ എന്‍.രാധാകൃഷ്‌ണന്‍റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ഒരാളായ ജോമോന്‍ ജോസ് ഇടതുമുന്നണിയുടെ ഡോ. ജോ ജോസഫിന്‍റെ അപരനാണ്. കരിമ്പ് കര്‍ഷകന്‍ ചിഹ്നത്തിലാണ് ഇയാള്‍ മത്സരിക്കുന്നത്. ബാലറ്റ് മെഷീനില്‍ അഞ്ചാമതാണ് ജോമോന്‍ ജോസഫിന്‍റെ പേര്.
Also read:ട്വന്‍റി - ട്വന്‍റിയുടെയും ആം ആദ്‌മി പാർട്ടിയുടെയും പിന്തുണയഭ്യർഥിച്ച് കെ സുധാകരന്‍
അനിൽ നായർ (ബാറ്ററി ടോർച്ച്) സി പി.ദിലീപ് നായർ (ടെലിവിഷൻ), ബോസ്കോ കളമശ്ശേരി (പൈനാപ്പിൾ), മന്മദന്‍ (ഒട്ടോറിക്ഷ) എന്നിവരാണ് മത്സര രംഗത്തുള്ള മറ്റ് സ്വതന്ത്ര സ്ഥാനാർഥികൾ. സ്വതന്ത്ര സ്ഥാനാർഥി ഡോ കെ.പദ്‌മരാജൻ, ടോം കെ.ജോർജ്, ജോൺ പെരുവന്താനം, ആർ.വേണുകുമാർ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥി അജിത് പൊന്നേംകാട്ടിൽ, സിപിഎം ഡമ്മി സ്ഥാനാർഥി എൻ. സതീഷ്, ബിജെപി ഡമ്മി സ്ഥാനാർഥി ടി പി. സിന്ധുമോൾ, ഡോനു അഗസ്റ്റിൻ, ഉഷ അശോക്, കെ കെ.അജിത് കുമാർ എന്നിവരുടെ പത്രികകള്‍ തള്ളുകയോ പിന്‍വലിക്കുകയോ ചെയ്‌തിട്ടുണ്ടെന്നും വരണാധികാരി അറിയിച്ചു.