എറണാകുളം:സ്ത്രീധനത്തിന്‍റെ പേരിൽ കൊച്ചിയിൽ യുവാവ് ഭാര്യയെയും ഭാര്യപിതാവിനെയും ക്രൂരമായി മർദിച്ചെന്ന് പരാതി. പച്ചാളം സ്വദേശിയായ ജിപ്‌സനാണ് ഭാര്യയെയും ഭാര്യപിതാവ് ജോർജിനെയും ശാരീരികോപദ്രവം ഏൽപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ആദ്യം കുത്തുവാക്കുകൾ ഉപയോഗിച്ചായിരുന്നു പീഡനമെന്നും പിന്നീട് ക്രൂരമായ ശാരീരിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതി ഇടിവി ഭാരതിനോട് പറഞ്ഞു.
പൊലീസിനെതിരെയും ആരോപണം
ജിപ്‌സന്‍റെ മർദനത്തിൽ ജോർജിന്‍റെ കാലൊടിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർജ് വിദഗ്‌ധ ചികിത്സ തേടിയ ശേഷമാണ് ആശുപത്രി വിട്ടത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പൊലീസിൽ സ്വാധീനമുള്ള പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ്.
പ്രശ്‌നത്തിന് തുടക്കം സ്വർണം നൽകാത്തത്
മൂന്ന് മാസം മുമ്പാണ് പച്ചാളം സ്വദേശി ജിപ്‌സനും ചക്കരപ്പറമ്പ് സ്വദേശി ജോർജിന്‍റെ മകളും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് പേരുടേതും രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്‌ച പിന്നുടുമ്പോൾ തന്നെ ജിപ്‌സനും അമ്മയും ചേർന്ന് കൈവശമുള്ള അമ്പത് പവൻ സ്വർണാഭരണം ആവശ്യപ്പെട്ടെങ്കിലും യുവതി നൽകിയിരുന്നില്ല.
ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് ആരോപണം. രാത്രി സമയങ്ങളിൽ വായ പൊത്തി പിടിച്ച് അടിവയറ്റിനും നടുവിനും മർദിക്കുമായിരുന്നുവെന്നും പരാതിയുണ്ട്. ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും ജിപ്‌സന്‍റെ പീഡനത്തെ കുറിച്ച് ഭർതൃമാതാവിനോട് പരാതിപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു.