എറണാകുളം: കോതമംഗലം ചെറിയ പളളിയിലെത്തിയ ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്പാന്‍റെ കാര്‍ ആക്രമിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു. പള്ളിക്ക് അകത്തേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് യാക്കോബായ വിഭാഗവും റമ്പാനെതിരെ പരാതി നൽകിയിട്ടുണ്ട്. പളളിയിലെ തിരുശേഷിപ്പുകൾ യാക്കോബായ വിഭാഗം ചക്കാലക്കുടി ചാപ്പലിലേക്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. തിരുശേഷിപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നാണ് ഓർത്തഡോക്‌സ് പക്ഷത്തിന്‍റെ അഭിപ്രായം. എന്നാൽ, എതിർപ്പ് മറികടന്ന് യാക്കോബായ പക്ഷം എല്‍ദോ മാർ ബസേലിയസ് ബാവയുടെ തിരുശേഷിപ്പുകൾ ചാപ്പലിൽ സ്ഥാപിച്ച് പ്രത്യേക പ്രാർഥനയും ആരംഭിച്ചു.
കോതമംഗലം ചെറിയപള്ളിത്തർക്കം : പോള്‍ റമ്പാന്‍റെ കാര്‍ ആക്രമിച്ച കേസിൽ ഏഴ് പേർക്കെതിരെ കേസ് - കോതമംഗലം ചെറിയപള്ളിത്തർക്കം
കോതമംഗലം ചെറിയ പളളിയിൽ വച്ച് പോള്‍ റമ്പാന്‍റെ കാര്‍ ആക്രമിച്ച കേസിൽ ഏഴ് പേർക്കെതിരെ കേസെടുത്തു. പളളിയിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചെന്നാരോപിച്ച് യാക്കോബായ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
1934ലെ ഭരണഘടന പ്രകാരം പളളിഭരണം ഓര്‍ത്തഡോക്‌സ് സഭക്ക് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. നിലവില്‍ യാക്കോബായ പക്ഷത്തിന്‍റെ കൈവശമാണ് പളളി. പളളിയുടെ അധികാരവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുശേഷിപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന്‍റെ പ്രശ്‌നം ഉടലെടുത്തത്.
കബറടങ്ങിയ ബാവയുടെ തിരുശേഷിപ്പുകൾ ചക്കാലക്കുടി ചാപ്പലിലേക്ക് മാറ്റിയതായും എന്നാലിത് എന്ത് തിരുശേഷിപ്പാണെന്നുള്ളത് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലന്നും സഭാ മാനേജിങ് കമ്മിറ്റി എം എസ് എൽദോസ് പറഞ്ഞു. ബാവയുടെ നിരവധി തിരുശേഷിപ്പുകൾ പല പള്ളികളിലായി ഉണ്ടെന്നും, കബർ പൊളിച്ച് ബാവയുടെ തിരുശേഷിപ്പുകൾ മാറ്റിയിട്ടില്ലന്നും എൽദോസ് കൂട്ടിച്ചേർത്തു.
എന്നാൽ കബർ പൊളിച്ച് തിരുശേഷിപ്പുകൾ നീക്കം ചെയ്‌ത് എതിർവിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തോമസ് പോൾ റമ്പാൻ വ്യക്തമാക്കി. വാഹനം ഇടിച്ചു കയറ്റിയെന്നത് കള്ളമാണെന്നും കാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും തോമസ് പോൾ റമ്പാൻ പ്രതികരിച്ചു.