കൊച്ചി: കിഫ്ബിക്കെതിരായി ബിജെപിയും കോൺഗ്രസും നടത്തുന്ന ഒളിച്ചുകളി പിടിക്കപ്പെട്ടതിന്‍റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവ് വീണിടത്തു കിടന്ന് ഉരുളുകയാണ്. പ്രസക്‌തമായ പല ചോദ്യങ്ങൾക്കും അദ്ദേഹത്തിന് മറുപടിയില്ല. സിഎജി കരടു റിപ്പോർട്ടിൻ്റെ പേരിൽ തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. കരടു റിപ്പോർട്ടിൻ്റെ മറവിൽ സിഎജി അസംബന്ധം പറഞ്ഞാൽ അത് ജനങ്ങൾക്കു മുമ്പിൽ ഇനിയും തുറന്നുകാട്ടുമെന്നും ധനമന്ത്രി പറഞ്ഞു. സിഎജിക്ക് മറുപടി നൽകുമെന്നും ഇതിനായി ധനകാര്യവകുപ്പ് 100 പേജുള്ള മറുപടി തയ്യാറാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ലാവ്ലിനിൽ സിഎജിയുടെ കരട് റിപ്പോർട്ട് വച്ച് ആരോപണം ഉന്നയിച്ചവർ യഥാർഥ റിപ്പോർട്ടിൽ എന്ത് സംഭവിച്ചുവെന്നത് ഓർക്കണമെന്നും ബിജെപിയുടെ ഭീഷണി കേരളത്തിൽ വേണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഫോഴ്‌സ്മെന്‍റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് നടത്തുന്ന സൂത്രപ്പണികൾക്ക് സിഎജിയെയും ഉപയോഗിക്കാം എന്നാണ് ബിജെപി കരുതുന്നത്. ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നും തോമസ് ഐസക് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്നുരുളുകയാണെന്ന് ധനമന്ത്രി കിഫ്ബിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. സിഎജി ഓഡിറ്റ് തടയാൻ ശ്രമിച്ചുവെന്ന കള്ളമാണ് പ്രചരിപ്പിക്കുന്നത്. റിപ്പോർട്ടുണ്ടായത് ഓഡിറ്റ് നടത്തിയതുകൊണ്ടാണ്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടത്തുന്നതിനോട് 2002ലും 2006ലും യുഡിഎഫ് സർക്കാർ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അക്കൗണ്ടന്‍റ് ജനറലിന് അയച്ച കത്തും തോമസ് ഐസക്ക് പുറത്തുവിട്ടു.
കിഫ്ബിയുടെ ഓഡിറ്ററായി സി ആന്‍റ് എജിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ 2006 ജനുവരി ഏഴിന് കിഫ്ബിക്കയച്ച കത്തിൽ, സ്വന്തമായി ഓഡിറ്റിങ് സംവിധാനമുണ്ടെന്നും സി ആന്‍റ് എ ജിയുടെ ഓഡിറ്റിങ് ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. കിഫ്ബി പ്രോജക്‌ട് നടപ്പാക്കുന്നതിൽ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. സിഎജി കരട് പുറത്തു വിട്ടതുമായി ബന്ധപ്പെട്ട് താൻ അവകാശ ലംഘനം നടത്തിയെങ്കിൽ, അതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവട്ടെയെന്നും ഉയർത്തിയ വിഷയമാണ് പ്രധാന്യമുള്ളതെന്നും മന്ത്രി പറഞ്ഞു.
എന്തു വിമർശനവും ഉന്നയിക്കുന്ന തരത്തിലേക്ക് ചിലർ അധഃപതിച്ചിരിക്കുകയാണ്. ദേശസാൽകൃത ബാങ്ക്, നബാർഡ്, മസാല ബോണ്ട് എന്നിവ വഴിയാണ് കിഫ്ബിയുടെ ഫണ്ട് സമാഹരിച്ചത്. സ്വർണക്കടത്ത് പണം എങ്ങനെയാണ് കിഫ്ബിയിൽ എത്തുക. ആരോപണമുന്നയിക്കുന്ന കെ.സുരേന്ദ്രൻ കള്ളപ്പണം കിഫ്ബിയിൽ എത്തിയ വഴി വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ വരിഞ്ഞ് മുറുക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സംസ്ഥാന താൽപര്യങ്ങൾക്കെതിരെയുള്ള ശ്രമത്തിനെതിരെ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.