എറണാകുളം: ദേശീയ ശ്രദ്ധയാകർഷിച്ച തൊടുപുഴയിലെ അധ്യാപകന്‍റെ കൈവെട്ട് കേസില്‍ (Thodupuzha hand chopping case ) പിടികിട്ടാപുള്ളിയായ ഒന്നാം പ്രതി സവാദ് പിടിയിലായതോടെ മൂന്നാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമാകും. രാജ്യത്ത് തന്നെ അത്യപൂർവ്വമായ കേസിൽ വിചാരണ നടപടികളിലും അപൂർവത പ്രതിഫലിക്കുകകയാണ്. പ്രമാദമായ കേസിൽ യുഎപിഎ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി ഒന്നാം പ്രതിയൊഴികെയുള്ള കുറ്റാരോപിതർക്ക് രണ്ട് ഘട്ടങ്ങളിലായി കലൂരിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.
പ്രതികളായ പത്തൊമ്പത് പേരെ ശിക്ഷിക്കുകയും ചെയ്‌തിരുന്നു. ഒന്നാം പ്രതി സവാദിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസും, പാരിതോഷികവും പ്രഖ്യാപിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തിനകത്തും പുറത്തും വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതി കാണാമറയത്തായിരുന്നു.
പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: ഏറ്റവും ഒടുവിൽ എൻഐഎക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് സവാദ് മട്ടന്നൂരിൽ നിന്നും പിടിയിലായത് (Thodupuzha hand chopping case first accused arrested). മട്ടന്നൂരിലെ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്ന പ്രതി സവാദ്. ചൊവ്വാഴ്‌ച അർധരാത്രിയായിരുന്നു എൻഐഎ (NIA) സംഘം പ്രതി കഴിയുകയായിരുന്ന വാടക വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
എറണാകുളം അശമന്നൂർ സ്വദേശിയായ സവാദിന് മട്ടന്നൂരിൽ ഒളിവിൽ കഴിയാൻ പ്രാദേശിക സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചിയിലെത്തിച്ച പ്രതിയെ പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി എൻഐഎ കസ്റ്റഡിയിൽ വാങ്ങും.
സംഭവം ഇങ്ങനെ: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് 2010 ജൂലായ് 4 ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രൊഫ ടിജെ ജോസഫിനെ തടഞ്ഞു നിർത്തി പ്രതികൾ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിനു മുമ്പും പ്രതികൾ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്ന് പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടപ്പിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും, പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ കാരണങ്ങളിലേക്ക് നയിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്.