കൊച്ചി: തൊടുപുഴയിൽ അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് പതിമൂന്ന് വർഷത്തിന് ശേഷം പിടിയിലായി. കണ്ണൂരിൽ നിന്നുമാണ് എൻ.ഐ.എ സവാദിനെ പിടികൂടിയത്. കൊച്ചിയിലെത്തിച്ച പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ വിശദമായ അന്വേഷണം നടത്തും. പ്രതി സവാദായിരുന്നു അധ്യപകന്റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ചതെന്നാണ് എൻഐഎ കണ്ടെത്തല്‍. നേരത്തെ ഈ പ്രതിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും പ്രതിയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തും വിശദമായ അന്വേഷണം നടത്തിയിട്ടും സവാദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു.
ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ ഒരു ചോദ്യത്തിൽ മത നിന്ദ ആരോപിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത്. ഈ കേസിൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു 2023 ജൂലൈ 13ന് കോടതി രണ്ടാം ഘട്ട ശിക്ഷ വിധി പ്രഖ്യാപിച്ചത്. അന്ന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി സവാദ് ഒഴികെയുള്ള പ്രതികൾക്കായിരുന്നു ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി സവാദിനായി അന്വേഷണം തുടരുകയാണെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചിരുന്നു.