എറണാകുളം :തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ ( Thiruvarppu Bus Owner Attacked Case in Kottayam) തുറന്ന കോടതിയിൽ നിരുപാധികം മാപ്പ് പറയാൻ ഒരുക്കമെന്ന് സിഐടിയു (CITU) നേതാവ് കെ അജയൻ ഹൈക്കോടതിയിൽ (Thiruvarppu Private Bus Owner Case In Kerala High Court). സത്യവാങ്‌മൂലത്തിലൂടെയാണ് സിഐടിയു നേതാവ് ഇക്കാര്യം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നതും കോടതിയലക്ഷ്യ നടപടിയും ഒഴിവാക്കണമെന്നാണ് കെ അജയന്‍റെ ആവശ്യം.
പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ആയിരുന്നു കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസുടമയെ സിഐടിയു നേതാക്കള്‍ കയ്യേറ്റം ചെയ്‌തത്. ഈ സംഭവത്തില്‍ സ്വമേധയാ ആയിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ കേസെടുത്തത്. ഈ സാഹചര്യത്തിലാണ് താന്‍ തുറന്ന കോടതിയില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് അജയന്‍ അറിയിച്ചിരിക്കുന്നത്.
മനഃപൂര്‍വം കോടതി ഉത്തരവുകളൊന്നും ധിക്കരിക്കപ്പെട്ടിട്ടില്ല. തനിക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നതും കോടതിയലക്ഷ്യ നടപടിയും റദ്ദാക്കണമെന്നും ഉടമയുടെ വാഹനം തടഞ്ഞിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അജയന്‍ വ്യക്തമാക്കി.
കോടതിയലക്ഷ്യ കേസില്‍ തന്‍റെ പേര് കക്ഷി ചേര്‍ത്തിരിക്കുന്ന മേല്‍വിലാസം മോട്ടോർ മെക്കാനിക്ക് യൂണിയൻ കോട്ടയം ജില്ല സെക്രട്ടറി എന്നാണ്. അത്തരത്തില്‍ ഒരു സംഘടനയുടെ ഭാഗമായ ആളല്ല താനെന്നും അജയന്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു. നിലവില്‍ താന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് അംഗമാണെന്നും സിഐടിയു നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.