കൊച്ചി: മുത്തൂറ്റ് ഫിനാൻസ് തൊഴിൽ തർക്കത്തിൽ തീരുമാനമാകാതെ വീണ്ടും ചർച്ച അവസാനിച്ചു. പ്രശ്‌ന പരിഹാരത്തിനായി ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെ സാന്നിധ്യത്തിൽ മൂന്നാം തവണയാണ് കൊച്ചിയിൽ ചർച്ച നടന്നത്. ഫെബ്രുവരി ആറാം തിയ്യതി വീണ്ടും ചർച്ച നടക്കും. പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കാൻ മുത്തൂറ്റ് മനേജ്മെന്‍റ് തയ്യറാവണമെന്നതാണ് സി.ഐ.ടി.യുവിന്‍റെ പ്രധാന ആവശ്യം.
തർക്കത്തിൽ തീരുമാനമാകാതെ മൂന്നാം ചർച്ച ഹൈക്കോടതി മധ്യസ്ഥന്‍റെയും അസിസ്റ്റന്‍റ് ലേബർ കമ്മിഷണറുടെയും നേതൃത്വത്തിൽ ഇരുവിഭാഗത്തെ ഒരുമിച്ചിരുത്തിയും അല്ലാതെയും ചർച്ച നടത്തി. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാനേജ്മെന്‍റ് എത്തിയത് പ്രതീക്ഷക്ക് വക നൽകുന്നുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത എ.എം ആരിഫ് എം.പി പറഞ്ഞു. ആറാം തിയതി നടക്കുന്ന ചർച്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനമാകൂ. നിലവിൽ ട്രേഡ് യൂണിയൻ ആവശ്യപ്പെട്ട ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌നം തീരാത്ത സാഹചര്യത്തിൽ സമരം ശക്തമായി തുടരുമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള അറിയിച്ചു. പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന അഡീഷണൽ ലേബർ കമ്മിഷണറുടെ നിർദേശം. ഉന്നത മാനേജ്‌മെന്‍റുമായി ചർച്ച ചെയ്യാമെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ അറിയിച്ചു. ഇതുവരെയുളള ചർച്ചകളിൽ നിന്നുള്ള ഒരു മാറ്റമാണിതെന്നും ചന്ദ്രൻ പിള്ള പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിനായി അഡീ. ലേബർ കമ്മിഷണർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ മനേജ്മെന്‍റിനെ അറിയിക്കുമെന്ന് മുത്തൂറ്റ് ഡി.ജി.എം ബാബു ജോൺ മലയിൽ പറഞ്ഞു. നാൽപ്പത്തിമൂന്ന് ബ്രാഞ്ചുകൾ അടച്ചുപൂട്ടിയതും നിരവധി പേർക്ക് തൊഴിൽ നഷ്‌ടമായതും കമ്പനിയുടെ ബിസിനസ് തീരുമാനനത്തിന്‍റെ ഭാഗമാണെന്നാണ് മനേജ്മെന്‍റ് അറിയിച്ചത്. നിലവിൽ ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. മുത്തൂറ്റ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഫെബ്രുവരി ഏഴാം തിയതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആറാം തിയ്യതി വീണ്ടും ചർച്ച നടത്തുന്നത്.