എറണാകുളം:ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലിം അലിയുടെ 123ആം ജന്മദിനമാണ് ഇന്ന്. പ്രകൃതിയെ തൊട്ടറിഞ്ഞ് പക്ഷികളെകുറിച്ചുളള ശാസ്ത്രീയപഠനത്തിന് വഴിതെളിയിച്ച വ്യക്തിയാണ് സലിം അലി. കേരളത്തിലെ തട്ടേക്കാട് പക്ഷി സങ്കേതം സലിം അലിയുടെ സ്മരണക്കായി പണിനിർമ്മിച്ചതാണ്. പക്ഷികളുടെ ചിറകടിയൊച്ചകള്‍ക്കൊപ്പം സഞ്ചരിച്ച സലിം പക്ഷി നിരീക്ഷണത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വഴിതെളിയിച്ചു.
'ഇന്ത്യയിലെ പക്ഷിമനുഷ്യൻ’ എന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ച ഡോ. സലിം മൊഹിയുദ്ദീൻ അബ്ദുൾ അലി എന്ന സലിം അലി 1896ല്‍ മുബൈയിലാണ് ജനിച്ചത്. പന്ത്രണ്ടാം വയസ്സില്‍ അമ്മാവൻ്റെ കൂടെ നായാട്ടിന് പോയ കുഞ്ഞു സലിം ഒരു കുരുവിയെ വെടിവെച്ചിട്ടു.എന്നാൽ കുരുവിയുടെ കഴുത്തിലെ മഞ്ഞ വരയെക്കുറിച്ചുളള ചെറിയ സംശയവും കൗതുകവും സലിമിനെ കൊണ്ടുചെന്നെത്തിച്ചത് പക്ഷികളെക്കുറിച്ചുളള പഠനത്തിൻ്റെ വലിയ ലോകത്തേക്കായിരുന്നു. നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ മില്യാഡ് സായ്പില്‍ നിന്നാണ് പക്ഷികളെക്കുറിച്ചുളള ബാലപാഠങ്ങള്‍ സലിം പഠിച്ചത്. മുംബൈയിലെ സെന്‍റ് സേവിയേഴ്സ് കോളജിലും വിദേശത്തുമായി ഉന്നത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1930ൽ ഹൈദരാബാദ്, ഗ്വാളിയാര്‍, ഭോപ്പാല്‍, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ക്കു വേണ്ടി പക്ഷിസര്‍വ്വേകള്‍ നടത്തി. പക്ഷിപ്രേമികൾ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ‘ദ ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് , ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍ തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന രചനകളാണ്. അദ്ദേഹത്തിൻ്റെ ആത്മകഥയായ 'ഫാൾ ഓഫ് എ സ്പാരോ'യിൽ അനുഭവങ്ങളെയും യാത്രകളെയും കുറിച്ച് ഏറെ വിവരങ്ങൾ നൽകുന്നുണ്ട്.