എറണാകുളം: വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി വളയം പൊലീസ് രൂപേഷിന്‍റെ മേൽ ചുമത്തിയ യു.എ.പി.എയാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പ്രോസിക്യൂഷന് അനുമതി നൽകുന്നതിൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായതായും ഹൈക്കോടതി നിരീക്ഷിച്ചു. നിരോധിത സംഘടനകളിൽ പ്രവർത്തിച്ചു, സംഘടനയുടെ ലഘുലേഖകൾ വിതരണം ചെയ്തു എന്നിവയാണ് രൂപേഷിന് മേൽ ചുമത്തിയിരിക്കുന്ന കേസുകൾ. ഇതിൽ രണ്ടു കേസുകൾ വളയം പൊലീസും ഒരു കേസ് കുറ്റ്യാടി പൊലീസും രജിസ്റ്റർ ചെയ്തതാണ്.
രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി
നിരോധിത സംഘടനകളിൽ പ്രവർത്തിച്ചു, സംഘടനയുടെ ലഘുലേഖകൾ വിതരണം ചെയ്തു എന്നിവയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത് സൂക്ഷ്മമായി പഠിക്കാതെയാണന്നും പ്രോസിക്യൂഷൻ അനുമതി വാങ്ങിയില്ലെന്നും രൂപേഷ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2016 മുതൽ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷൻ അനുമതി സമയപരിധിക്കകം ലഭിച്ചില്ലെന്നാണ് രൂപേഷ് കോടതിയിൽ വാദിച്ചത്. ഇതേ തുടർന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും ജസ്റ്റിസ് രാജ വിജയരാഘവൻ വിവരങ്ങൾ തേടിയിരുന്നു. കുറ്റവിമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സെഷൻസ് കോടതിയിൽ രൂപേഷ് നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു. വയനാട്ടിൽ പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രത്യേക മാവോവാദി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു എ പി എ ചുമത്തിയിരുന്നത്.