എറണാകുളം : പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത ജനകീയ നിരാഹാര സമരം സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറിന് തുടങ്ങിയ സമരം വൈകീട്ട് ആറിനാണ് അവസാനിച്ചത്. സേവ് ലക്ഷദ്വീപ് ഫോറമാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ജനകീയ നിരാഹാരം സംഘടിപ്പിച്ച് ലക്ഷദ്വീപ് ജനത. ചരിത്രത്തിൽ ആദ്യമായാണ് ദ്വീപിൽ ഹർത്താൽ പ്രതീതി ഉണ്ടാകുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ച് പ്രതിഷേധത്തില്‍ അണിചേര്‍ന്നു. മെഡിക്കൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ നിർദേശം നൽകിയിരുന്നു. അതോടൊപ്പം, അടിയന്തര ചികിത്സ ആവശ്യങ്ങളുണ്ടായാല്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
READ MORE:ലക്ഷദ്വീപിൽ സമ്പൂർണ അടച്ചിടൽ ഈമാസം 14 വരെ
പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന നിരാഹാര സമരത്തില്‍ ദ്വീപിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്തു. ഇതിനായി എല്ലാ ദ്വീപുകളിലും കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്. ദ്വീപിലെ ബി.ജെ.പി ഘടകത്തിന്‍റെയടക്കം പിന്തുണയോടെയാണ് സമരം സംഘടിപ്പിച്ചത്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ സര്‍വകകക്ഷി യോഗത്തിന് ശേഷം കൊച്ചിയില്‍ പറഞ്ഞിരുന്നു.സന്ദര്‍ശക പാസിന്‍റെ കാലാവധി കഴിഞ്ഞവരോട് ദ്വീപ് വിട്ട് പോകാന്‍ ലക്ഷദ്വീപ് ഭരണകൂടം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദ്വീപില്‍ നിന്നും മടങ്ങിയിട്ടുണ്ട്.