എറണാകുളം: പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങി. പൊളിക്കൽ ആരംഭിക്കുന്നതിന് മുന്നോടിയായി പാലത്തിൽ പൂജാ ചടങ്ങുകൾ നടന്നു. ഏട്ട് മാസത്തിനുള്ളിൽ പാലത്തിൻ്റെ പുനർനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡി.എം.ആർ.സി യുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ് സൊസൈറ്റിയാണ് പാലം പൊളിച്ച് പണിയുന്നത്. ഡി.എം.ആർ.സി യും ഊരാളുങ്കൽ സൊസൈറ്റിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങാൻ തീരുമാനിച്ചത്. പുനർനിർമാണത്തിൻ്റെ ഭാഗമായി ആദ്യ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകില്ല. പാലത്തിൻ്റെ തൂണുകൾ നിലനിർത്തി ബാക്കി മുഴുവൻ പൊളിച്ചുമാറ്റി ഗർഡറുകൾ ഉൾപ്പടെ പുനർ നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തൂണുകൾ ബലപ്പെടുത്തുകയും ചെയ്യും.
പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങി; പൂജ കഴിഞ്ഞു
സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം ഡോ.ഇ.ശ്രീധരനാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. പുനർനിർമാണത്തിന് 20 കോടി രൂപയോളമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
പാലത്തിലെ ടാർ നീക്കുന്ന ജോലിയാണ് ഇന്ന് തുടങ്ങുക. പകലും രാത്രിയുമായി പൊളിച്ചു നീക്കലും പുനർ നിർമാണവും നടത്താനാണ് തീരുമാനം. പൊളിച്ചുമാറ്റിയ ശേഷമുള്ള അവശിഷ്ടങ്ങൾ ഡി.എം.ആർ.സി യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റും. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം ഡോ.ഇ.ശ്രീധരനാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. പുനർനിർമാണത്തിന് 20 കോടി രൂപയോളമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. നിർമാണത്തിലെ ക്രമക്കേടിനെ തുടർന്ന് അപകടാവസ്ഥയിലായ പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. പാലം പൊളിക്കുന്നതിനു മുമ്പ് ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. പൊതു ജന താല്പര്യം കണക്കിലെടുത്ത് പാലം പൊളിച്ചുപണിയാൻ അനുവദിക്കണമെന്ന സർക്കാരിൻ്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് പാലം പൊളിച്ച് പണിയാൻ തുടങ്ങുന്നത്.