എറണാകുളം: വന്ദേ ഭാരത് എക്‌സ്‌പ്രസിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണ് എന്ന് കോടതി മറുപടി നൽകി. ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
വന്ദേഭാരത് എക്‌സ്‌പ്രസിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി - ഇന്ത്യൻ റെയിൽവേ
എവിടെയൊക്കെ സ്‌റ്റോപ്പ് അനുവദിക്കണമെന്നുള്ളത് റെയിൽവെയുടെ വിവേചനാധികാരത്തിൽ പെടുന്ന കാര്യമാണെന്ന് കോടതി
അഭിഭാഷകനായ പി.ടി ഷീജിഷ് നൽകിയ ഹർജിയാണ് ജസ്‌റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയത്. ജനസാന്ദ്രത ഏറെയുള്ള മലപ്പുറം ജില്ലയിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പ് അനുവദിക്കാത്തത് നീതികേടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എന്നാൽ ഹർജിയിൽ വാദം കേട്ട കോടതി ആവശ്യം നീതീകരിക്കാനാകാത്തതാണെന്നും ഓരോ ജില്ലയിലുള്ളവരും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചാൽ വന്ദേ ഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകളുടെ ഉദ്ദേശ ലക്ഷ്യം ഇല്ലാതെയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ട്രെയിനുകൾക്ക് എവിടെയൊക്കെ സ്‌റ്റോപ്പ് അനുവദിക്കണമെന്നുള്ളത് റെയിൽവെയുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.