എറണാകുളം:ഇ.ഡിയുടെ ചോദ്യം ചെയ്യൽ നോട്ടീസിനെതിരെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഈ ഘട്ടത്തിൽ ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിനെതിരെയുളള ആശങ്ക അനാവശ്യമാണെന്നും നീതിപൂർവമായി അന്വേഷണ ഏജൻസി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യൽ സമയത്ത് അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഇ.ഡിയുടെ നോട്ടീസിനെതിരെയുള്ള സി.എം രവീന്ദ്രന്‍റെ ഹർജി ഹൈക്കോടതി തള്ളി - ഇ.ഡി
ഈ ഘട്ടത്തിൽ ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിനെതിരെയുളള ആശങ്ക അനാവശ്യമാണെന്നും നീതിപൂർവമായി അന്വേഷണ ഏജൻസി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു
താൻ പ്രതിയല്ലെന്നും, ചോദ്യം ചെയ്യൽ നോട്ടീസിൽ കാരണമൊന്നും പറയുന്നില്ലെന്നും, നോട്ടീസ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി.എം രവീന്ദ്രന്‍റെ ഹർജി നൽകിയത്. നോട്ടീസ് അയയ്‌ക്കാൻ പാടില്ലെന്ന് പറയാൻ ഹർജിക്കാരന് അവകാശമില്ലെന്നും നിയമത്തിന്‍റെ കണ്ണിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമമെന്നുമുള്ള ഇ.ഡിയുടെ വാദം പരിഗണിച്ചാണ് ഹർജി കോടതി തള്ളിയത്. കൊവിഡ് ഭേദമായി വിശ്രമിക്കുന്നതിനിടയിൽ തുടർച്ചയായി ചോദ്യം ചെയ്‌താൽ ആരോഗ്യത്തെ ബാധിക്കുമെന്നും കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നുമുള്ള രവീന്ദ്രന്‍റെ വാദം കോടതി തള്ളുകയിരുന്നു.
ഹർജിക്കാരന്‍റേത് അനാവശ്യ ആശങ്ക മാത്രമാണന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം കൊച്ചി ഇ.ഡി ഓഫീസിൽ സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഹാജരാകാനാണ് ഇ.ഡി നോട്ടിസ് നൽകിയത്. എന്നാൽ രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ അദ്ദേഹം ഇ.ഡി. ഓഫീസിലെത്തി. ഇ.ഡി നോട്ടീസിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി പ്രതികൂലമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.