എറണാകുളം: മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ മുമ്പും ശക്തമായി എതിര്‍ത്തിരുന്നു.
അതേസമയം സാമൂഹിക സാഹചര്യത്തെ കുറിച്ച് പതിവ് ശൈലിയില്‍ പറയുകയാണ് ചെയ്തതെന്ന് പി സി ജോര്‍ജിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കേസിലെ ജാമ്യ വ്യവസ്ഥയിലില്ലേയെന്ന് കോടതി ചോദിച്ചു. അതിന് കുറ്റം ആവര്‍ത്തിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ മറുപടി.
സാമൂഹ്യ വിമര്‍ശനത്തെ അത്തരത്തില്‍ കാണുകയാണ് വേണ്ടതെന്നും അതിനെ അടിച്ചമര്‍ത്തരുതെന്നും പിസി ജോര്‍ജ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പി.സി.ജോർജ് ആരോപിച്ചു. സാഹചര്യമനുസരിച്ച് കാര്യങ്ങള്‍ പറയുന്നത് പി സി ജോർജിന്‍റെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്ന് പ്രോസിക്യൂഷനും വിമര്‍ശിച്ചു.
also read: മത വിദ്വേഷ പ്രസംഗം : പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ; കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും
വാദം പൂര്‍ത്തിയാക്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. മെയ് എട്ടിനാണ്, എറണാകുളം വെണ്ണല ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.