കൊവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്ന് സർക്കാർ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഫോൺ വിളിയുടെ വിശദാംശങ്ങൾ ആവശ്യമില്ലെന്നും ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
എറണാകുളം: കൊവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഫോൺ വിളിയുടെ വിശദാംശങ്ങൾ ആവശ്യമില്ലെന്നും ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്നും സർക്കാർ അറിയിച്ചു. 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമാണ് ഇത്തരത്തിൽ ശേഖരിക്കുന്നതെന്നും വ്യക്തമാക്കി. എന്നാൽ ഓഗസ്റ്റ് 11ന് ഡി.ജി.പി ഇറക്കിയ സർക്കുലറിൽ കൊവിഡ് രോഗികളുടെ ഫോൺ വിളികൾ ശേഖരിക്കാൻ എ.ഡി.ജി.പി ഇന്‍റലിജൻസിനും, പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനും നിർദേശം നൽകുന്ന സർക്കുലർ ഉണ്ടെണ് ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിനോട് നിർദേശിച്ചു. ഫോൺ വിളികൾ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ഇറക്കിയ സർക്കുലർ റദ്ദ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.