അഗ്നിരക്ഷ സേനയുടെ വമ്പൻ ദൗത്യം എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീ പൂർണമായും അണയ്‌ക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അഗ്നി രക്ഷ സേന. കേരള അഗ്നി രക്ഷസേനയുടെ ചരിത്രത്തിലെ ഏറ്റവും ശ്രമകരമായതും ദൈർഘ്യമേറിയതുമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ബ്രഹ്മപുരത്ത് നിരീക്ഷണം തുടരും. ഇനിയൊരു തീപിടിത്തം ഒഴിവാക്കാന്‍ സദാ ജാഗരൂകരാണ് സേനാംഗങ്ങള്‍.
പന്ത്രണ്ടാം നാൾ വൈകുന്നേരത്തോടെ മാലിന്യ പ്ലാന്‍റിലെ തീയും പുകയും പുർണമായും അണച്ചതോടെയാണ് മാനം പോലെ അവരുടെ മുഖവും തെളിഞ്ഞത്. തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫീസർ കെഎൻ സതീഷിനെ തോളിലേറ്റി നൃത്തം ചെയ്‌തും ആരവം മുഴക്കിയും അഗ്നി രക്ഷ സേന ഉദ്യോഗസ്ഥർ ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിൽ ആഹ്ലാദം പ്രകടിപ്പിച്ചു. പന്ത്രണ്ടു നാൾ ആശങ്കയിൽ കഴിഞ്ഞ കൊച്ചിയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് അഗ്നി ശമന സേനയിലെ ഒരോ ഉദ്യോഗസ്ഥനോടുമാണ്. ഇന്ന് രാവിലെയും പൂർണമായും നിരീക്ഷിച്ച് തീയും പുകയുമില്ലന്ന് ഉറപ്പാക്കി.
തീ പൂര്‍ണമായും അണച്ചെങ്കിലും ചൂടുള്ളതിനാല്‍ വീണ്ടും തീ കത്താനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് നിരീക്ഷണം തുടരുന്നത്. ഇത്തരത്തില്‍ ചൊവ്വാഴ്‌ച (14.03.23) രണ്ട് തവണ നിമിഷ നേരത്തേക്ക് പുക ഉയര്‍ന്നെങ്കിലും സേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ അണച്ചു. കുറച്ച് ദിവസത്തേക്ക് കൂടി നിരീക്ഷണം തുടരാനാണ് തീരുമാനം.
നിലവിൽ ബ്രഹ്മ പുരം മാലിന്യ പ്ലാന്‍റ് സുരക്ഷിതമാണെന്ന് തൃക്കാക്കര ഫയർ ഓഫീസർ കെ.എൻ.സതീഷ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ തീപിടിത്തത്തിന് ശേഷം ഒരാഴ്‌ചയോളം ചെറിയ തീപിടിത്തം ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിരീക്ഷണം തുടരുന്നത്.
ഇനി തീപിടിത്തം ഉണ്ടായാലും പെട്ടെന്ന് അണയ്‌ക്കാൻ കഴിയും. ഏത് സമയത്ത് ആയാലും പതിനഞ്ച് മിനിറ്റിൽ സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് എത്തിചേരാൻ കഴിയും. 48 മണിക്കൂർ പൂർണതോതിലുള്ള നിരീക്ഷണം തുടരും. എവിടെ തീപ്പിടിത്തം ഉണ്ടായാലും അവിടെ തന്നെ നിയന്ത്രിക്കാൻ കഴിയും. ഒരാഴ്‌ച ഏഴ് ഫയർ ഏഴ് ഫയർടെൻഡറുകൾ ഇവിടെ തുടരും. ഇനി തീപ്പിടിത്തം ആവർത്തിക്കാതിരിക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തിട്ടുണ്ടെന്നും ഫയർ ഓഫീസർ കെ.എൻ. സതീഷ് വ്യക്തമാക്കി.
മാർച്ച് രണ്ടിന് ഏറ്റവും ചൂടു കൂടിയ സമയത്തായിരുന്നു തീപ്പിടിത്തമുണ്ടായത്. ഏറ്റവും കൂടുതൽ മാലിന്യങ്ങളുള്ള ഭാഗത്തേക്കായിരുന്നു കാറ്റിന്റെ ഗതി. അതിനാൽ പെട്ടന്ന് തന്നെ തീ നിയന്ത്രണാതീതമായി മാറുകയായിരുന്നു. വ്യക്തമായ പ്ലാനിന്‍റെ അടിസ്ഥാനത്തിലായിരുന്നു പന്ത്രണ്ട് ദിവസം കൊണ്ട് തീയണച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 15 ഫയര്‍ യൂണിറ്റുകളും 100 അഗ്നി രക്ഷ ഉദ്യോഗസ്ഥരുമാണ് ബ്രഹ്മപുരത്തുള്ളത്. ഇവരെ സഹായിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്ഥലത്തുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിച്ച ഫയര്‍ യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും അടുത്ത ദിവസം തന്നെ തങ്ങളുടെ സ്റ്റേഷകളിലേക്ക് മടക്കി അയക്കും. പലയിടത്തും ഉദ്യോഗസ്ഥരുടെ കുറവു നേരിടുന്ന സാഹചര്യത്തിലാണിത്.
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ നിന്ന് ഒരു മണിക്കൂറില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ജീവനക്കാരെ വിന്യസിച്ചിട്ടുള്ളത്. ചെളിയില്‍ പുതഞ്ഞ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതിനുപുറമേ ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി പത്തോളം എസ്‌കവേറ്ററുകളും ബ്രഹ്മപുരത്ത് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത് കുമാര്‍, ജില്ലാ ഓഫീസര്‍ കെ. ഹരികുമാര്‍, തൃക്കാക്കര അഗ്നി രക്ഷ നിലയം സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷ സേന നിരീക്ഷണം തുടരുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം മാര്‍ച്ച് 15 ബുധനാഴ്‌ച രാവിലെ 10 ന് കലക്ടറുടെ ചേംബറില്‍ ചേരും. തീപിടിത്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊള്ളിച്ച് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്.