എറണാകുളം: ജനുവരി പതിമൂന്നിന് സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. 13ന് വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിയോക്ക് ജനറൽ സെക്രട്ടറി എം.സി. ബോബി അറിയിച്ചു. കൊച്ചിയിൽ തിയേറ്റർ ഉടമകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. വിതരണക്കാരുമായും നിർമാതാക്കളുമായും ചർച്ചകൾ നടത്തും. സർക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ തിയേറ്റർ തുറക്കാൻ അനുമതി നൽകിയ സർക്കാരിന് നന്ദി അറിയിക്കുന്നു. ദൃശ്യം രണ്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർമാതാവ് ആന്‍റണി പെരുമ്പാവൂരുമായി ചർച്ച നടത്തി. അദ്ദേഹത്തിന്‍റെ വിശദീകരണം അംഗീകരിച്ചു. വിതരണക്കാരും നിർമാതാക്കളും തമ്മിൽ പ്രശ്നങ്ങളില്ല. തിയേറ്റർ ഉടമകൾ ഇവർക്ക് നൽകാനുള്ളത് അഞ്ചേമുക്കാൽ കോടി രൂപയാണ്. ലോക്ക് ഡൗണിനെ തുടർന്ന് തിയേറ്റർ അടച്ചിട്ടതിനെ തുടർന്നാണ് ഇത്രയും കുടിശ്ശിക വന്നത്.
ജനുവരി 13ന് സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് ഫിയോക്ക് - സിനിമാ തീയറ്ററുകളുടെ പ്രവർത്തനം
നിലവിൽ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. വിതരണക്കാരുമായും നിർമാതാക്കളുമായും ചർച്ചകൾ നടത്തും. സർക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നു
സർക്കാർ തുറക്കാൻ അനുമതി നൽകിയതിനെ തുടർന്ന് തിയേറ്ററുകൾ എല്ലാം ഇന്ന് തന്നെ തുറന്നിട്ടുണ്ട്. ഒരാഴ്ചയെങ്കിലും മുന്നൊരുക്കങ്ങൾക്ക് ആവശ്യമാണ്. തിയേറ്ററുകളിൽ ഒരേസമയം പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങള്‍ അംഗീകരിക്കുന്നു. റിലീസിനായി കൂടുതൽ സിനിമകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും സിനിമകൾ ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെ എതിർക്കില്ല. അത്തരം സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നാണ് സംഘടനയുടെ നിലപാട് എന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കി.