എറണാകുളം : കൊച്ചിയിൽ നിന്ന് മാൻ കൊമ്പ് കസ്റ്റഡിയിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ. ലഹരി മരുന്ന് സംഘത്തിൽ നിന്നാണ് എക്‌സൈസ് ഇത് പിടികൂടിയത്. എക്സൈസ് ഓഫിസിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ മാന്‍കൊമ്പ് എറ്റെടുക്കുകയായിരുന്നു.
39 സെന്റീമീറ്റര്‍ നീളമുള്ള കൊമ്പ് കോടതിയിൽ ഹാജരാക്കും. കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി. ധനിക് ലാലിന്റെ നേതൃത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എക്സൈസ് ഓഫിസിലെത്തിയത്.
കൊച്ചിയിൽ എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ച സംഘത്തിൽ നിന്നും എക്സൈസ് മാൻ കൊമ്പ് പിടിച്ചിരുന്നു. പിന്നീട് ഇതേപ്പറ്റി വിവരമുണ്ടായിരുന്നില്ല.
അട്ടിമറി ആരോപണത്തിൽ അന്വേഷണം
മാൻ കൊമ്പ് എക്സൈസ് മുക്കിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം, മാൻ കൊമ്പിന്‍റെ കാര്യം നേരത്തേ അറിയിച്ചിരുന്നില്ലന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
മാൻകൊമ്പ് മയക്കുമരുന്ന് സംഘത്തിൽ നിന്ന് പിടികൂടിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും വനം വകുപ്പ് വിവരങ്ങൾ ശേഖരിച്ചു.
അതേസമയം, ലഹരിമരുന്ന് കേസ് അട്ടിമറി ആരോപണത്തിൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് അഡീഷണൽ കമ്മിഷണർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം അഡീഷണൽ കമ്മിഷണർ അബ്‌ദുൾ റാഷി കൊച്ചിയിലെത്തി ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.