എറണാകുളം:വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച, മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സ്‌കൂൾ വിദ്യാർഥിനി എൽന ജോസിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇതേ സ്‌കൂളിലെ അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം ഇന്നലെ(06.10.2022) തന്നെ സംസ്കരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെമ്മനാടുള്ള വെമ്പിള മറ്റത്തിൽ വീട്ടിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കും.
ശേഷം, മൂന്ന് മണിയോടെ കണ്യാട്ടുനിരപ്പ് സെയിന്‍റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കാരം നടത്തും. എൽനയുടെ ബന്ധുവും സഹപാഠിയുമായ എലിസബത്തിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ വിദ്യാർഥിനി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ മരിച്ച കായികാധ്യാപകൻ വിഷ്‌ണുവിന്‍റെയും, വിദ്യാർഥിനിയായ ദിയ രാജേഷിന്‍റെയും മൃതദേഹങ്ങള്‍ പെരുമ്പിള്ളി പൊതു ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. വിദ്യാർഥികളായ ക്രിസ് വിന്റർ ബോൺ തോമസിന്‍റെ മൃതദേഹം തുരുത്തിക്കര മാർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിലും, ഇമ്മാനുവൽ സി.എസിന്റെ മൃതദേഹം ആരക്കുന്നം സെന്റ് ജോർജ് വലിയ പള്ളിയിലുമാണ് സംസ്‌കരിച്ചത്. അഞ്ജന അജിത്തിന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിലും സംസ്‌കരിച്ചു.
മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നില്‍ ഇടിച്ചായിരുന്നു ബുധനാഴ് രാത്രി അപകടം സംഭവിച്ചത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ബസ്റ്റ് യാത്രക്കാരായ മൂന്ന് പേരും അപകടത്തിൽ മരിച്ചിരുന്നു.