എറണാകുളം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത (ആക്രമണത്തിന് ഇരയായ നടി) സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പരാതിയിൽ വെള്ളിയാഴ്ചയ്ക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം. തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് അനാവശ്യ ഭീതിയാണെന്നും ഹർജി പിൻവലിക്കണമെന്നുമാണ് സർക്കാർ വാദം. ആവശ്യമെങ്കിൽ വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്ന് വിശദീകരിച്ചാണ് കോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.
ഹര്‍ജി പരിഗണിച്ചപ്പോള്‍ ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ ഈ കേസില്‍ ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. സര്‍ക്കാര്‍ നടിയ്‌ക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തില്‍ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. നടൻ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുൻപാകെ പരാതി സമർപ്പിച്ചത്. രാഷ്ട്രീയ സമ്മർദത്തിന്‍റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നാണ് നടി പറയുന്നത്.
also read: അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ ബുധനാഴ്‌ച പരിഗണിക്കും, ജസ്റ്റിസ് കൗസർ എടപ്പഗത്ത് മാറി